തങ്ങളുടെ ജനപ്രിയ സ്‌കൂട്ടറായ ആക്‌സസ് 125 അഞ്ച് ദശലക്ഷം യൂണിറ്റുകളുടെ ഉൽപാദന നാഴികക്കല്ലിൽ എത്തിയതായി പ്രഖ്യാപിച്ച് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ. ഹരിയാനയിലെ ഗുരുഗ്രാമിൽ സ്ഥിതി ചെയ്യുന്ന ഇരുചക്രവാഹന നിർമ്മാതാക്കളുടെ ഖേർക്കി ധൗള പ്ലാന്റിൽ നിന്നാണ് ആക്‌സസ് 125ന്റെ 5 ദശലക്ഷം യൂണിറ്റുകൾ പുറത്തിറക്കിയത്.
സുസുക്കിയുടെ ഖേർക്കി ധൗല പ്ലാന്റിന് 1.1 ദശലക്ഷം യൂണിറ്റുകളുടെ വാർഷിക ഉൽപ്പാദന ശേഷിയുള്ളപ്പോൾ, ഹരിയാനയിലെ സോനിപട്ടിലെ ഐഎംടി ഖാർഖോഡയിൽ അതിന്റെ പുതിയ നിർമ്മാണ സൗകര്യം വരുന്നുണ്ട്.
500,000 യൂണിറ്റ് വാർഷിക സ്ഥാപിത ഉൽപ്പാദന ശേഷിയുള്ള ഐഎംടി ഖാർഖോഡ പ്ലാന്റിൽ ആദ്യ ഘട്ടത്തിൽ കമ്പനി 200 കോടി രൂപ നിക്ഷേപിക്കും.
2007ലാണ് സുസുക്കി ആക്‌സസ് 125 ഇന്ത്യയിൽ അവതരിപ്പിച്ചത്. അന്ന് 125 സിസി സെഗ്‌മെന്റിലെ ആദ്യത്തെ സ്‌കൂട്ടറായിരുന്നു ഇത്. 79,600 രൂപ മുതൽ 89,500 രൂപ വരെ (എക്‌സ്-ഷോറൂം) വിലയുള്ള സുസുക്കി ആക്‌സസ് 125, ഹോണ്ട ആക്‌ടിവ 125, ടിവിഎസ് ജൂപ്പിറ്റർ 125, ഹീറോ മാസ്‌ട്രോ എഡ്‌ജ് 125, യമഹ ഫാസിനോ 125 എന്നിവയാണ് വിപണിയിലെ മുഖ്യ എതിരാളികൾ.
8.7PS പരമാവധി കരുത്തും 10Nm പീക്ക് ടോർക്കും നൽകുന്ന 124cc, 4-സ്ട്രോക്ക്, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ്, FI എഞ്ചിനാണ് സുസുക്കി ആക്‌സസ് 125-ന്റെ ഹൃദയഭാഗത്തുള്ളത്. എഞ്ചിൻ ഒരു സിവിടിയുമായി ഘടിപ്പിച്ചിരിക്കുന്നു.
“ഇത് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യയിലെ ഞങ്ങളുടെ എല്ലാവരുടെയും ഒരു പ്രധാന നാഴികക്കല്ലാണ്. ആഭ്യന്തര, വിദേശ വിപണികളിലെ ഞങ്ങളുടെ ആക്‌സസ് 125നോടുള്ള പ്രതിബദ്ധതയും ഉപഭോക്താക്കളുടെ വിശ്വാസവുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്,” സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ കെനിച്ചി ഉമേദ പറഞ്ഞു.
“ഈ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നതിന് ഞങ്ങളെ പിന്തുണച്ചതിന് ഞങ്ങളുടെ വിലയേറിയ ഉപഭോക്താക്കൾ, ഡീലർ പങ്കാളികൾ, ഞങ്ങളുടെ എല്ലാ സഹപ്രവർത്തകർ എന്നിവരോടും ഞങ്ങൾ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. ഇന്നത്തെ ആക്‌സസ് 125 ഇന്ത്യൻ ഉപഭോക്താക്കളെ മനസ്സിൽ കണ്ടുകൊണ്ട് വികസിപ്പിച്ച സൗകര്യങ്ങളാൽ സജ്ജീകരിച്ചതാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.
Comments are closed.