തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ പരാതി. ഔദ്യോഗിക ദുഃഖാചരണത്തിനിടെ ഡി ജെ പാർട്ടി നടത്തിയെന്നാരോപിച്ചാണ് മെഡിക്കൽ കോളേജിനെതിരെയുള്ള പരാതി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിനിടെയാണ് മെഡിക്കൽ കോളേജിൽ ഡി ജെ പാർട്ടി നടത്തിയത്.
എംബിബിഎസ് ബാച്ചിന്റെ ബിരുദദാന ചടങ്ങിനോട് അനുബന്ധിച്ചാണ് സർക്കാരിന്റെ ഔദ്യോഗിക ദുഃഖാചരണ നിർദേശം മറികടന്ന് മെഡിക്കൽ കോളേജിൽ സംഗീത പരിപാടി നടന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മെഡിക്കൽ കോളേജ് വാർഡിലെ മുൻ കൗൺസിലറായ ജി എസ് ശ്രീകുമാർ മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച പരാതി നൽകുകയായിരുന്നു.
മെഡിക്കൽ കോളേജിലെ 2017 എംബിബിഎസ് ബാച്ചിന്റെ ബിരുദദാന ചടങ്ങ് 17,18,19 തീയതികളിലായി നടത്താനാണ് തീരുമാനിച്ചിരുന്നത്. 17-ന് പ്രധാന ചടങ്ങായ ബിരുദദാനം നടന്നിരുന്നു. 18, 19 തീയതികളിൽ ഇതുമായി ബന്ധപ്പെട്ട മറ്റ് ആഘോഷ പരിപാടികളും നിശ്ചയിച്ചു. എന്നാൽ ജൂലൈ 18 ന് ഉമ്മൻചാണ്ടി മരണപ്പെട്ടു. ഇതോടെ സർക്കാർ അന്നേ ദിവസം പൊതുഅവധി പ്രഖ്യാപിച്ചു. തുടർന്നുള്ള മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിരുന്നു.
തിരുവനന്തപുരം ദർബാർ ഹാളിലും ജഗതിയിലെ വസതിയിലുമെല്ലാം ഉമ്മൻ ചാണ്ടിയുടെ മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിച്ചുകൊണ്ടിരുന്ന ദുഃഖമേറിയ നിമിഷത്തിൽ പോലും മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ സംഗീത പരിപാടി നടത്തിയെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Comments are closed.