ഉമ്മൻ ചാണ്ടിക്ക് പകരം ആര്? പുതുപ്പള്ളിയിൽ ഇന്ന് വിധിയെഴുത്ത്; പോളിംഗ് രാവിലെ 7 മണിക്ക് ആരംഭിക്കും

പുതുപ്പള്ളിയിലെ വോട്ടർമാർ ഇന്ന് വിധിയെഴുതും. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യചർച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഉയർന്നിരുന്നു. ഉമ്മൻ‌ ചാണ്ടിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർത്ഥിയാകുന്നു എന്ന അപൂർവതയ്ക്കു പുതുപ്പള്ളി ഇന്ന് സാക്ഷ്യം വഹിക്കുകയാണ്. ഇത് ചാണ്ടി ഉമ്മന്റെ നിയമസഭയിലേക്കുള്ള ആദ്യ മത്സരമാണ്. മുഖ്യ എതിരാളി ഇടതു മുന്നണി സ്ഥാനാർഥി ജെയ്ക് സി.തോമസാണു. ജെയ്ക് സി.തോമസ് 2 തവണ ഉമ്മൻ ചാണ്ടിയോട് മത്സരിച്ച ശേഷം ഇപ്പോഴിതാ മകനോട് മത്സരിക്കുകയാണ്. എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലാണ്. ആംആദ്മി പാർട്ടിയുടേതുൾപ്പെടെ 7 പേരുടെ വിധിയാണ് ഇന്ന് പുതുപ്പള്ളിയിൽ കുറിക്കുന്നത്. രാവിലെ 7 മുതൽ വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. മണ്ഡലത്തിൽ മൊത്തം 1,76,417 വോട്ടർമാരാണ് ഉള്ളത്. ഇതിൽ സ്ത്രീ വോട്ടർമാരാണ് കൂടുതലും.

വോട്ടെടുപ്പിനായി പോളിങ് ബൂത്തുകളിൽ എല്ലാ തയ്യാറെടുപ്പുകളും സജ്‌ജമായിട്ടുണ്ട്. ആറു മണിയോടെ മോക് പോൾ ആരംഭിച്ചു. കുറഞ്ഞത് 50 വോട്ടുകളാണ് മോക് പോളിൽ രേഖപ്പെടുത്തുക. യഥാർഥ പോളിംഗ് ആരംഭിക്കുന്നതിനു മുമ്പാണ് മോക് പോൾ നടത്തുനന്ത. മോക് പോളിംഗ് കഴിഞ്ഞാൽ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും വി.വി. പാറ്റിലെ സ്‌ളിപ്പുകളുടെ എണ്ണവും തുല്യമാണെന്ന് ഉറപ്പാക്കും.

Comments are closed.