തിരുവനന്തപുരം: സംസ്ഥാനം ഭക്ഷ്യ-പൊതുവിതരണ രംഗത്ത് നടപ്പാക്കുന്ന പദ്ധതികളെ അഭിനന്ദിച്ച് കേന്ദ്രഭക്ഷ്യ വകുപ്പ് സെക്രട്ടറി സഞ്ജീവ് ചോപ്ര. കേരളത്തിലെ ഭക്ഷ്യ വിതരണരംഗത്ത് നടപ്പിലാക്കുന്ന നൂതനസംരംഭങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനു ലഭിക്കേണ്ട കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കുന്ന വിഷയം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുമായി കേന്ദ്രഭക്ഷ്യ വകുപ്പ് സെക്രട്ടറി സഞ്ജീവ് ചോപ്രയുമായി ഭക്ഷ്യ മന്ത്രി ജി. ആർ. അനിൽ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇത്.
സംസ്ഥാനത്ത് നടപ്പിലാക്കുന്ന കെ-സ്റ്റോർ പദ്ധതി, കിടപ്പുരോഗികൾക്ക് ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹകരണത്തോടെ റേഷൻ വിഹിതം വീട്ടിലെത്തിച്ചു നല്കുന്ന ഒപ്പം പദ്ധതി, ആദിവാസി ഊരുകളിലും വിദൂരപ്രദേശങ്ങളിലും താമസസ്ഥലത്ത് റേഷൻ വിതരണം ചെയ്യുന്ന സഞ്ചരിക്കുന്ന റേഷൻകടകൾ, 20 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കുന്ന സുഭിക്ഷാ ഹോട്ടലുകൾ, ഇതര സംസ്ഥാന തൊഴിലാളികൾക്ക് കേരളത്തിലെ റേഷൻ കടകളിൽ നിന്ന് തങ്ങളുടെ വിഹിതം കൈപ്പറ്റാൻ സൗകര്യം ഒരുക്കുന്ന റേഷൻ റൈറ്റ് കാർഡ് എന്നിങ്ങനെയുള്ളവ അഭിനന്ദനാർഹമാണ് എന്നും ദേശീയതലത്തിൽ ആവശ്യമായ മാറ്റങ്ങളോടെ ഇവ നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമെന്നും സഞ്ജീവ് ചോപ്ര മന്ത്രിയെ അറിയിച്ചു.
കേരളത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കിയ ഇനത്തിൽ അർഹമായ കേന്ദ്രസഹായത്തിൽ ലഭിക്കാനുള്ള കുടിശ്ശികയുടെ വിഷയം മന്ത്രി കേന്ദ്ര സെക്രട്ടറിയുമായി ചർച്ച നടത്തി. കണക്കുകളുടെ പരിശോധനയും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കി കേരളത്തിന് അർഹമായ തുക വേഗം നൽകുന്നതിന് നടപടി സ്വീകരിക്കാൻ കൂടിക്കാഴ്ചയിൽ ധാരണയായി.1000 കോടിയിലേറെ രൂപയാണ് കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിന് ലഭിക്കാനുള്ളത്.
കേന്ദ്രഭക്ഷ്യവകുപ്പ് സെക്രട്ടറി തോന്നയ്ക്കലിലുള്ള കെ-സ്റ്റോർ, കിഴക്കേകോട്ടയിലെ സപ്ലൈകോ വിൽപ്പനശാല എന്നിവ സന്ദർശിച്ചു. മംഗലപുരത്തെ റേഷൻ കടയിൽ എത്തിയ അദ്ദേഹം കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഒപ്പം പദ്ധതിയുടെ പ്രവർത്തനം നേരിൽ കണ്ടു മനസിലാക്കി.
Comments are closed.