കൊച്ചി: മെട്രോ രണ്ടാം ഘട്ടത്തിന്‍റെ നിർമാണം ആരംഭിക്കുന്നതോടൊപ്പം വാട്ടർ മെട്രോ ഹൈക്കോർട്ട് ടെർമിനലിൽനിന്ന് ചിറ്റൂരിലേക്കും അതുവഴി ഏലൂർ, ചേരാനല്ലൂർ ഭാഗങ്ങളിലേക്കും വാട്ടർ മെട്രോ സർവീസ് നീട്ടുo. ഇതോടെ കൊച്ചിയുടെ വടക്കൻ മേഖലകളിലേക്കും മെട്രോ നിലവാരത്തിലുള്ള പൊതുഗതാഗതം സാധ്യമാകും.
വാട്ടർ മെട്രോ ജെട്ടികളുടെ നിർമാണം ഇതിനോടകം പൂർത്തിയായി. കൂടുതൽ ബോട്ടുകൾ കപ്പൽശാല നിർമിച്ചു കൈമാറുന്നതോടെ സർവീസ് ആരംഭിക്കാനാണ് പദ്ധതി. ഒപ്പം സൗത്ത് ചിറ്റൂർ ടെർമിനലിനെ വടക്കൻ മേഖലകളിലേക്കുള്ള സർവീസുകളുടെ ഹബ്ബായി ഉയർത്താനും പദ്ധതിയുണ്ട്.
ഒക്ടോബർ മാസത്തോടെ ഹൈക്കോടതിയിൽ നിന്ന് സൗത്ത് ചിറ്റൂരിലേക്ക് വാട്ടർ മെട്രോ സർവീസ് തുടങ്ങാനാണ് പദ്ധതി.
ഇതോടൊപ്പം ബോൾഗാട്ടി, ചേരാനല്ലൂർ, മുളവുകാട് നോർത്ത്, ഏലൂർ എന്നീ ഭാഗങ്ങളിലേക്കും വാട്ടർ മെട്രോ എത്തും. ഉയർന്ന ജനസംഖ്യയുണ്ടെങ്കിലും നിലവിൽ കൊച്ചി മെട്രോയുടെ സർവീസ് എത്താത്ത മേഖലകളാണ് ഇവയെല്ലാം. ചിറ്റൂർ അടക്കമുള്ള മേഖലകളിൽനിന്ന് എറണാകുളത്തേക്ക് പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാരുണ്ട്. എന്നാൽ, കച്ചേരിപ്പടി വഴിയുള്ള നിലവിലെ ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഈ സാഹചര്യത്തിൽ ഹൈക്കോടതിയിൽ നിന്നുള്ള വാട്ടർ മെട്രോ സർവീസിന് ഏറെ ആവശ്യക്കാരുണ്ടാകും എന്നാണ് കൊച്ചി മെട്രോ കരുതുന്നത്.
സെപ്റ്റംബർ അവസാനത്തോടെ രണ്ട് ബോട്ടുകൾ കൂടി നിർമാണം പൂർത്തിയാക്കി കപ്പൽശാല കൈമാറുമെന്നാണ് കരുതുന്നത്. ഇതോടെ ഈ വർഷം ലഭിച്ച ബോട്ടുകളുടെ എണ്ണം 9 ആയി ഉയരും.
ഫോർട്ട് കൊച്ചി വാട്ടർ മെട്രോ ടെർമിനലിന്‍റെ നിർമാണവും അന്തിമഘട്ടത്തിലാണ്. അഴിമുഖത്തോടു ചേർന്ന് സ്ഥിതിചെയ്യുന്ന വാട്ടർ മെട്രോ ടെർമിനലിലേക്ക് ഹൈക്കോടതിയിൽനിന്ന് ഏറെ യാത്രക്കാരെ കിട്ടുമെന്നാണ് പ്രതീക്ഷ. നിലവിലെ ഫോർട്ട് കൊച്ചി ബോട്ട് ജെട്ടി വിനോദസഞ്ചാരകേന്ദ്രങ്ങളിൽനിന്ന് ഏറെ മാറിയാണ്. ഈ സാഹചര്യത്തിൽ വിനോദസഞ്ചാരികളിൽ ഏറിയ പങ്കും വാട്ടർ മെട്രോയിലേക്ക് ചേക്കേരിയേക്കും. ക്രിസ്മസ് അവധിക്കാലത്തിനു മുൻപേ ഹൈക്കോടതിയിൽനിന്ന് ഫോർട്ട് കൊച്ചിയിലേക്ക് വാട്ടർ മെട്രോ സർവീസ് ആരംഭിച്ചേക്കും.
Comments are closed.