തിരുവനന്തപുരം: നിപ സാമ്പിള്‍ തോന്നക്കല്‍ വൈറോളജി ലൈബില്‍ എന്തുകൊണ്ട് പരിശോധിച്ചില്ല എന്ന് ചോദ്യത്തിന് വ്യത്യസ്ത നിലപാടുകളുമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും. നിപ ബാധ സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ സബ് മിഷനാണ് മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും വ്യത്യസ്ത മറുപടികള്‍ക്ക് വഴിവെച്ചത്.
കേരളത്തില്‍ രണ്ട് ലാബുകള്‍ ഉണ്ടായിരിക്കെ എന്തു കൊണ്ട് സാമ്പിള്‍ പുനെയ്ക്ക് അയച്ചു എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ചോദ്യം. കോഴിക്കോട്ടെ ലാബില്‍ നിപ സ്ഥിരീകരിച്ചെന്ന് അറിയിച്ച ആരോഗ മന്ത്രി ഐസിഎംആര്‍ മാനദണ്ഡ പ്രകാരമുളള സ്ഥിരീകരണത്തിനാണ് പുനെയ്ക്ക് അയച്ചതെന്ന് മറുപടി നല്‍കി.
മാരകശേഷിയുളള പകര്‍ച്ചവ്യാധികളില്‍ പ്രഖ്യാപനം വരേണ്ടത് ബിഎസ്എല്‍ ലെവല്‍ 4 പദവിയുളള ലാബുകളില്‍ നിന്നാണ്, കേരളത്തിലെ ലാബുകള്‍ക്ക് ബിഎസ്എല്‍ ലെവല്‍ 2 പദവിയേയുളളു എന്നും ആരോഗ്യ മന്ത്രി വിശദീകരിച്ചു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ആരോഗ്യ മന്ത്രി പ്രതിരോധം തീര്‍ത്ത വിഷയത്തില്‍, മന്ത്രിയുടെ വാദത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്.
ആദ്യം തോന്നക്കല്‍ ലാബിലേക്ക് സാമ്പിള്‍ അയക്കാന്‍ തീരുമാനിച്ച ശേഷം പിന്നീട് അയച്ചില്ലെന്ന മാധ്യമവാര്‍ത്തയെ ആശ്രയിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും വിഷയത്തില്ർ വ്യത്യസ്ത നിലപാട് സ്വീകരിച്ചത് വിഷയത്തിൽ സർക്കാരിന് ആശയക്കുഴപ്പമുണ്ടെന്ന വിമർശനത്തിന് വഴി തെളിച്ചിട്ടുണ്ട്.
നിപ ബാധിത പഞ്ചായത്തുകളിലെ സുരക്ഷാ ക്രമീകകരണത്തിലും ചികിത്സാ പ്രോട്ടോക്കോളിലും പിഴവുണ്ടെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ഒരു ഡാറ്റയും സര്‍ക്കാര്‍ ശേഖരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ല. നിലവിലെ പ്രോട്ടോകോളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വ്യാപക പരാതിയുണ്ട്. കൂടിയാലോചന നടത്തി പുതിയ പ്രോട്ടോകോള്‍ ഉണ്ടാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ചികിത്സാ പ്രോട്ടോക്കോളില്‍ പിഴവുണ്ടോയെന്ന് പറയേണ്ടത് ആരോഗ്യവിദഗ്ധരാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു
Comments are closed.