കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി

നിപ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും  ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. അംഗനവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്. അതേസമയം സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകുകയില്ല.

ജില്ലയിലെങ്ങും പത്ത് ദിവസത്തേക്ക് പൊതുപരിപാടികള്‍ വിലക്കി കലക്ടര്‍ ഇന്നലെ ഉത്തരവിറക്കിയിരുന്നു. ഉല്‍സവങ്ങളും പള്ളിപ്പെരുന്നാളുകളും ചടങ്ങുകള്‍ മാത്രമായി നടത്താനാണ് നിലവിലെ നിര്‍ദേശം. വിവാഹ, വിരുന്ന് പരിപാടികളിലും ആളുകളുടെ എണ്ണം കുറയ്ക്കണമെന്ന് ഉത്തരവില്‍ പറയുന്നു. പൊലീസ് സ്റ്റേഷനില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. മാസ്കും സാമൂഹ്യ അകലവും അടക്കം പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, നിപ മരണങ്ങളുണ്ടായ മരുതോങ്കരയിലും ആയഞ്ചേരിയിലും രോഗ ഉറവിടം കണ്ടെത്താനുള്ള പരിശോധന ഇന്നും തുടരും. മൃഗ സംരക്ഷണ വകുപ്പ് മരുതോങ്കരയിലെ പന്നിഫാമിൽ നിന്ന് സാമ്പിൾ ശേഖരിച്ച് നിപ വൈറസ് സാനിധ്യം പരിശോധിക്കും.  ഇന്നലെ ജാനകിക്കാടിനുസമീപം കണ്ടെത്തിയ കാട്ടുപന്നിയുടെ ജഡത്തിൽനിന്ന്  സാമ്പിൾ ശേഖരിക്കാനായില്ല. ദിവസങ്ങൾ പഴക്കമുള്ള ജഡം അഴുകിയ അവസ്ഥയിലായിരുന്നു. വവ്വാലുകളുടെ ആവാസ വ്യവസ്ഥ കണ്ടെത്താൻ പ്രദേശത്ത് പ്രത്യേക പരിശോധന നടത്താനും തീരുമാനമുണ്ട്. ഉറവിടം തേടി ആരോഗ്യവകുപ്പിന്റെ വിവരശേഖരണവും പരിശോധനയും തുടരുകയാണ്.

Comments are closed.