സനാതന ധർമ വിവാദം: ഇനി പ്രതികരിക്കേണ്ടെന്ന് സ്റ്റാലിൻ

ചെന്നൈ: സനാതന ധർമത്തെക്കുറിച്ചുള്ള പരാമർശങ്ങൾ അവസാനിപ്പിക്കാൻ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍റെ നിർദേശം. പകരം കേന്ദ്ര സർക്കാരിന്‍റെ അഴിമതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സ്റ്റാലിൻ.

മന്ത്രിയും മകനുമായ ഉദയനിധി സ്റ്റാലിന്‍റെ സനാതന ധർമ വിരുദ്ധ പ്രസ്താവന ഉയർത്തിയ വിവാദം അനുദിനം ശക്തമാകുന്നതിനിടെയാണു ഡിഎംകെ നേതാവ് അണികൾക്കായി പ്രസ്താവന പുറപ്പെടുവിച്ചത്.

ഉദയനിധിയുടെ പ്രസ്താവന ദേശീയ തലത്തിൽ വിശാല പ്രതിപക്ഷ സഖ്യം “ഇന്ത്യ’യ്ക്കെതിരേ ബിജെപി ശക്തമായി ഉന്നയിച്ചിരുന്നു. ശിവസേനയും തൃണമൂൽ കോൺഗ്രസുമുൾപ്പെടെ കക്ഷികൾ ഉദയനിധിക്കെതിരേ രംഗത്തെത്തുകയും ചെയ്തു.

ഇതിനിടെ, “ഇന്ത്യ’ സഖ്യം രൂപീകരിച്ചതു തന്നെ സനാതന ധർമത്തെ ഇല്ലാതാക്കാനാണെന്നു ഡിഎംകെ നേതാവും മന്ത്രിയുമായ കെ. പൊന്മുടി പറഞ്ഞത് പ്രതിപക്ഷ മുന്നണിയിൽ ഭിന്നത വർധിപ്പിച്ചിരുന്നു. ഇതോടെയാണ്, ഈ വിവാദം അവഗണിക്കണമെന്ന സ്റ്റാലിന്‍റെ ഉപദേശം.

“പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും സനാതന ധർമത്തെ പ്രതിരോധിച്ച് രംഗത്തെത്തിയത് ഇതിൽ നിന്ന് അവർ രാഷ്‌ട്രീയ നേട്ടത്തിനു ശ്രമിക്കുന്നുവെന്നതിന്‍റെ വ്യക്തമായ സൂചനയാണ്. എല്ലാ ദിവസവും ഒരു കേന്ദ്ര മന്ത്രിയെങ്കിലും ഈ വിവാദത്തിൽ പ്രസ്താവന നടത്തുന്നുണ്ട്. ഇതു ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ്. ബിജെപി സ്വന്തം പരാജയം മറച്ചുപിടിക്കാൻ നടത്തുന്ന ഈ കെണിയിൽ നമ്മുടെ ആളുകൾ വീഴരുത്”- സ്റ്റാലിൻ പറഞ്ഞു.

ഡിഎംകെ ഭാരവാഹികളും അണികളും തമിഴ്നാട്ടിൽ സഖ്യത്തിലുള്ള കോൺഗ്രസിന്‍റെയും ഇടതുപാർട്ടികളുടെയും നേതാക്കളും കേന്ദ്ര സർക്കാരിന്‍റെ അഴിമതിയിലാണു ശ്രദ്ധിക്കേണ്ടതെന്നും സ്റ്റാലിൻ ഉപദേശിച്ചതായി ഡികെ നേതാവ് കെ. വീരമണി.

Comments are closed.