ഏഴ് വർഷത്തെ കാത്തിരിപ്പ് ; ബെന്നു ഛിന്ന ഗ്രഹത്തിലെ രഹസ്യങ്ങൾ ചുരുളഴിയുന്നു: വിവരങ്ങൾ പുറത്തുവിടാനൊരുങ്ങി നാസ

ഏഴ് വർഷത്തോളം നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ബെന്നു ഛിന്ന ഗ്രഹത്തിലെ വിവരങ്ങൾ പുറത്തുവിടാനൊരുങ്ങി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ബെന്നു ഛിന്ന ഗ്രഹത്തിലെ സാമ്പിളുകൾ ഭൂമിയിലേക്ക് എത്തിയിരിക്കുന്നത്. സാമ്പിളുമായി എത്തിയ പേടകം ശാസ്ത്രജ്ഞർ തുറക്കുകയും, അവയിലെ കറുത്ത നിറത്തിലുള്ള തരികൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബർ 11-ന് നടക്കുന്ന വാർത്താ സമ്മേളനത്തിലൂടെ സാമ്പിളുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് നാസ വ്യക്തമാക്കി.

ബെന്നു ഛിന്ന ഗ്രഹത്തിലെ രഹസ്യങ്ങൾ തേടിയുള്ള ഒസിരിസ്-റെക്സ് എന്ന പേടകം 2016-ലാണ് വിക്ഷേപിക്കുന്നത്. ബെന്നു ഛിന്ന ഗ്രഹത്തിൽ ലാൻഡ് ചെയ്ത പേടകം പാറക്കെട്ടിൽ നിന്നും ഏകദേശം 250 ഗ്രാം പൊടികൾ ശേഖരിച്ചിട്ടുണ്ട്. ഛിന്ന ഗ്രഹത്തിൽ നിന്നും കണ്ടെത്തിയ തരികൾ ഭൂമിക്ക് ഭീഷണിയാകുന്ന ഛിന്ന ഗ്രഹങ്ങളെ കുറിച്ച് മനസിലാക്കാൻ സഹായിക്കുമെന്നാണ് നാസയുടെ വിലയിരുത്തൽ. കൂടാതെ, നിലവിലെ വിവരങ്ങൾ ഉപയോഗിച്ച് ഛിന്നഗ്രഹം വിശകലനം ചെയ്യുന്നതിലൂടെ സൗരയൂഥത്തിന്റെ രൂപീകരണത്തെക്കുറിച്ചും, ഭൂമി എങ്ങനെ വാസയോഗ്യമായത് എന്നതിനെ സംബന്ധിച്ചും കൃത്യമായ വിവരം ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

Comments are closed.