ഡമാസ്കസ്: സിറിയയിലെ രണ്ട് പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി ആരോപിച്ച് സിറിയ. ആക്രമണത്തിൽ റൺവേകൾ തകർന്നു. രണ്ട് വിമാനത്താവളങ്ങളും താത്കാലികമായി അടച്ചിരിക്കുകയാണ്. വടക്കൻ നഗരമായ ആലപ്പോയിലും തലസ്ഥാനമായ ഡമാസ്കസിലുമുള്ള വിമാനത്താവളങ്ങളിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആളപായമില്ലെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ന്യൂസ് ഏജൻസിയായ സന റിപ്പോർട്ട് ചെയ്യുന്നു. വിഷയത്തിൽ ഇസ്രയേലി സൈന്യം പ്രതികരിച്ചിട്ടില്ല.
ഹമാസ് ഇസ്രയേലിനെതിരേ ആക്രമണം അഴിച്ചു വിട്ടതിനു ശേഷം ഇതാദ്യമായാണ് ഇസ്രയേൽ സിറിയയിൽ ആക്രമണം നടത്തുന്നത്. ഇറാനിയൻ വിദേശകാര്യമന്ത്രി സിറിയയിലേക്ക് എത്തുന്നതിന് ഒരു ദിവസം മുൻപേയാണ് ആക്രമണമുണ്ടായത്. ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാൻ സിറിയ വഴി ആയുധങ്ങളും മറ്റു സഹായങ്ങളും കൈമാറാനുള്ള സാധ്യത കണക്കിലെടുത്താണ് ഇസ്രയേൽ സിറിയയിലെ വിമാനത്താവളങ്ങളെയും തുറമുഖങ്ങളെയും ലക്ഷ്യമിടുന്നത്.
ഇതിനു മുൻപും ഇസ്രയേൽ സിറിയയിലെ സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തിയിരുന്നു.
Comments are closed.