വിഴിഞ്ഞം അട്ടിമറിക്കാന്‍ അന്താരാഷ്‌ട്ര ലോബികള്‍ ശ്രമം നടത്തി: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന് അസാധ്യം എന്നൊരു വാക്കില്ലെന്ന് തെളിഞ്ഞുവെന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. വരാന്‍ പോകുന്ന വികസനങ്ങള്‍ ഭാവനയ്ക്കപ്പുറമാണെന്നും അതിനുതകുന്ന നിലപാട് എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതുപോലെയുള്ള എട്ട് കപ്പലുകള്‍ കൂടി അടുത്ത ദിവസങ്ങളില്‍ എത്തും. ആറു മാസത്തിനുള്ളില്‍ കമ്മീഷനിങ് എന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതുപോലൊരു തുറമുഖം അപൂര്‍വമാണ്. പ്രതിസന്ധികള്‍ മൂലം പദ്ധതിക്ക് കുറച്ച് കാലതാമസമുണ്ടായി. എന്നാൽ, എത്ര വലിയ പ്രതിസന്ധിയും അതിജീവിക്കുമെന്ന് കേരളം തെളിയിച്ചിട്ടുണ്ട്.

തുറമുഖത്തിന്‍റെ ഭാഗമായി ഔട്ടര്‍ റിങ് റോഡ് വികസിപ്പിക്കാന്‍ തീരുമാനിച്ചു. അതിലൂടെ പുതിയ പദ്ധതികള്‍ വരുമെന്ന് കണക്കാക്കി. എന്നാല്‍ കണക്കാക്കിയതിലും അപ്പുറമാണ് പുതിയ പദ്ധതിക്കുള്ള സാധ്യത. ദൃഢനിശ്ചയത്തോടെ കേരളത്തിനു മുന്നോട്ടുപോകാന്‍ തുറമുഖം കരുത്താകും. 7,700 കോടി രൂപ മുതല്‍ മുടക്കിയ പദ്ധതിയാണിത്. 4,600 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത്.

2017 ജൂണില്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാനായി. എന്നാല്‍ ചില തടസം ഉണ്ടായി. ലോകത്തെ അന്താരാഷ്‌ട്ര തുറമുഖ പട്ടികയില്‍ പ്രമുഖ സ്ഥാനത്താണ് വിഴിഞ്ഞം. ഇത്തരമൊരു വികസനം ഒരിടത്തുണ്ടാവുമ്പോള്‍, ചില അന്താരാഷ്‌ട്ര ലോബികള്‍ അവരുടെ താത്പര്യം വച്ച് എതിരായ നീക്കം നടത്താറുണ്ട്. ഇവിടേയും അത്തരം ശക്തികള്‍ നേരത്തെയുണ്ടായി എന്നത് വസ്തുതയാണ്. ചില പ്രത്യേക വാണിജ്യ ലോബികള്‍ക്കും പോര്‍ട്ട് യാഥാര്‍ഥ്യമാകുന്നതിന് താത്പര്യമുണ്ടായില്ല. അവരും രംഗത്തുവന്നിരുന്നു. എന്നാല്‍ അതൊക്കെ അതിജീവിക്കാന്‍ കഴിഞ്ഞു.

നിര്‍മാണോത്പന്നങ്ങളുടെ ലഭ്യതക്കുറവ് ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു. അതൊരു തടസമായി വന്നുകൂടാ എന്നതിനാല്‍ പ്രത്യേക പ്രവര്‍ത്തന കലണ്ടറുണ്ടാക്കി. പ്രതിമാസ, ദൈനംദിന അവലോകനത്തിനായി മൊബെല്‍ ആപ്പും തയാറാക്കി. കേരളം ഇന്ത്യയ്ക്ക് നല്‍കുന്ന മഹത്തായ സംഭാവനയാണ് ഈ തുറമുഖം. കേന്ദ്ര സര്‍ക്കാരും ഈ പദ്ധതിക്ക് മുന്‍ഗണ നല്‍കിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, അദാനി ഗ്രൂപ്പിനേയും വിഴിഞ്ഞം പോർട്ട് ചെയർമാൻ കരണ്‍ അദാനിയെയും അഭിനന്ദിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.

Comments are closed.