തലസ്ഥാനത്ത് വെള്ളപ്പൊക്കത്തിനു പിന്നാലെ വിവാദം

തിരുവനന്തപുരം: തിരുവനന്തപുരത്തുണ്ടായ വെള്ളപ്പൊക്കത്തിനു പിന്നാലെ ഭരണ സംവിധാനത്തെ പഴിച്ച് മന്ത്രിമാർ തന്നെ രംഗത്തെത്തിയതു വിവാദമാകുന്നു. അപ്രതീക്ഷിത മഴയാണു തലസ്ഥാനത്തുണ്ടായതെങ്കിലും രക്ഷാപ്രവർത്തനം നടത്തുന്നതിലും ഏകോപിപ്പിക്കുന്നതിലും ഭരണസംവിധാനത്തിന് വീഴ്ചയുണ്ടായതായാണ് വിലയിരുത്തൽ.

ഓട നവീകരണം ഉൾപ്പടെ കാര്യക്ഷമമായി നടന്നില്ല. വകുപ്പുകൾ ചേർന്ന് വിശദമായ പഠനം നടത്തണമെന്നും മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു. മഴ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് മന്ത്രി ആന്‍റണി രാജുവും പ്രതികരിച്ചതോടെ വിശദീകരണവുമായി റവന്യുമന്ത്രി തന്നെ രംഗത്തെത്തി.

തലസ്ഥാനത്ത് കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചില്ലെന്ന മന്ത്രിമാരുടെ പരാതികൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് മന്ത്രി കെ. രാജന്‍ പ്രതികരിച്ചു. മുന്നറിയിപ്പുകൾ നൽകുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. അതു പരിശോധിക്കും. ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിപ്പിക്കുന്നതിനു പണം നൽകാൻ പ്രയാസമില്ലെന്നും അതിനു നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

നാശനഷ്ടങ്ങളുടെ കണക്ക് എടുത്തു കഴിഞ്ഞിട്ടില്ല. നഷ്ടപരിഹാരം നൽകുന്ന കാര്യത്തെക്കുറിച്ച് മന്ത്രിസഭ തീരുമാനിക്കുമെന്നും മന്ത്രി രാജൻ പറഞ്ഞു. ജില്ലയില്‍ സമാനസ്ഥിതിയില്‍ നിന്നും വ്യത്യസ്തമായി വലിയ മഴയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

211 മി.മി മഴയാണ് എയര്‍പോര്‍ട്ട് മേഖലയില്‍ രേഖപ്പെടുത്തിയത്. 118 മി. മി നഗര പരിധിയിലും ലഭിച്ചു. സമീപകാലത്തൊന്നും ദീര്‍ഘനേരം പെയ്ത കനത്ത മഴ ഉണ്ടായിട്ടില്ല. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു ജില്ലയിലെ മന്ത്രിമാരും റവന്യു ഉദ്യോഗസ്ഥരും അതിവേഗത്തില്‍ നേതൃത്വം നല്‍കി. മറ്റു കാര്യങ്ങള്‍ പരിശോധിച്ച് പറയാമെന്നും മന്ത്രി പറഞ്ഞു. മുന്നറിയിപ്പ് അതാതു സമയത്ത് പ്രസിദ്ധീകരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Comments are closed.