കൊല്ലം: നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചു വേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കൊല്ലം കുണ്ടറ സ്വദേശിയായ ജോണി 1979-ല്‍ അഗ്‌നിപര്‍വ്വതം എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് സജീവമായത്.
ഒരു കാലത്ത് മലയാളത്തിലെ വില്ലൻ വേഷങ്ങളിൽ നിറസാന്നിധ്യമായിരുന്നു ജോണി. കഴുകൻ, ചന്ദ്രകുമാറിൻ്റെ അഗ്നിപർവതം, കരിമ്പന, രജനീഗന്ധി തുടങ്ങി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച ജോണി മോഹൻലാലിനൊപ്പം കിരീടത്തിൽ ചെയ്ത പരമേശ്വരൻ എന്ന കഥാപാത്രവും ചെങ്കോലിലെ കഥാപാത്രവും ഏറെ ശ്രദ്ധേയമായി. നാടോടിക്കാറ്റിലെ ഗുണ്ടാ കഥാപാത്രത്തിലൂടെ കോമഡി വേഷങ്ങളും വഴങ്ങുമെന്നു തെളിയിച്ചു.
മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലെ ചില ചിത്രങ്ങളിലും ജോണി അഭിനയിച്ചു. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം.
കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജോണി ജനിച്ചത്. പിതാവ് ജോസഫ്, അമ്മ കാതറിൻ. കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജിൽ പഠനകാലത്ത് കൊല്ലം ജില്ലാ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു. കൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.
Comments are closed.