ദക്ഷിണാഫ്രിക്കയും വീണു; ഇക്കുറി വിസ്മയം നെതർലൻഡ്സ്

അഫ്ഗാനിസ്ഥാനു പിന്നാലെ ലോകകപ്പിൽ വിസ്മയ വിജയം നേടി നെതർലൻഡ്സും. അഫ്ഗാനു മുന്നിൽ മുട്ടുമുടക്കിയത് ചാംപ്യൻമാരായ ഇംഗ്ലണ്ടായിരുന്നെങ്കിൽ, ഇക്കുറി വീണത് ഹോട്ട് ഫേവറിറ്റുകളിൽപ്പെടുന്ന ദക്ഷിണാഫ്രിക്ക. കഴിഞ്ഞ വർഷം ഓസ്ട്രേലിയയിൽ നടന്ന ട്വന്‍റി20 ലോകകപ്പിൽ നിന്ന് ദക്ഷിണാഫ്രിക്ക പുറത്തായത് സൂപ്പർ 12 ഘട്ടത്തിൽ നെതർലാൻഡ്സിനോടേറ്റ പരാജയത്തോടെയായിരുന്നു.

43 ഓവർ മത്സരത്തിൽ, നെതർലൻഡ്സിനെതിരേ 246 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 42.5 ഓവറിൽ 207 റൺസിന് ഓൾഔട്ടായി. ഇതോടെ ഡച്ച് പട 38 റൺസ് വിജയവും പൂർത്തിയാക്കി. ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിനെതിരേ നെതർലൻഡ്സ് ഏകദിന ക്രിക്കറ്റിൽ നേടുന്ന ആദ്യ വിജയമാണിത്.

മഴ കാരണം മത്സരം ആരംഭിക്കാൻ വൈകിയതിനാലാണ് 43 ഓവറായി ചുരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 245 റൺസെടുത്തത്.

ഒരു ഘട്ടത്തിൽ 82 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ടീമിനെ വാലറ്റത്തിന്‍റെ ചെറുത്തുനിൽപ്പാണ് പൊരുതാവുന്ന സ്കോറിലേക്കു നയിച്ചത്. ഏഴാം നമ്പറിലിറങ്ങി 78 റൺസെടുത്ത ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സാണ് ടോപ് സ്കോറർ. അടുത്ത ഉയർന്ന സ്കോർ എക്സ്ട്രാ ഇനത്തിൽ കിട്ടിയതാണ്, 32 റൺസ്. 21 വൈഡ് റണ്ണുകളാണ് ദക്ഷിണാഫ്രിക്കൻ ബൗളർമാർ വഴങ്ങിയത്. ലുങ്കി എൻഗിഡി, മാർക്കോ യാൻസൻ, കാഗിസോ റബാദ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക എട്ടാം ഓവറിലാണ് തകർന്നു തുടങ്ങിയത്. 89 റൺസെടുക്കുന്നതിനിടെ പകുതി ബാറ്റർമാരും കൂടാരം കയറി. ഒരു ഘട്ടത്തിൽ ഡേവിഡ് മില്ലർ ടീമിനെ ഒറ്റയ്ക്ക് വിജയത്തിലേക്കു നയിക്കുമെന്ന പ്രതീക്ഷയുണർത്തിയെങ്കിലും 43 റൺസിൽ പുറത്തായതോടെ പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചു. വാലറ്റത്ത് കേശവ് മഹാരാജ് 40 റൺസുമായി പൊരുതിയെങ്കിലും ആവശ്യമായ റൺ നിരക്ക് അപ്പോഴേക്കും കൈവിട്ടു പോയിരുന്നു.

നെതർലൻഡ്സിനു വേണ്ടി ലോഗൻ വാൻ ബീക് 8.5 ഓവറിൽ 60 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. പോൾ വാൻ മീകരൻ, റോലോഫ് വാൻ ഡർ മെർവെ, ബാസ് ദെ ലീഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

Comments are closed.