സംസ്ഥാനത്ത് തുലാവർഷം രണ്ട് ദിവസത്തിനുള്ളിൽ എത്തിയേക്കും, തെക്കൻ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളിൽ തുലാവർഷം എത്തിയേക്കുമെന്ന് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. തിങ്കളാഴ്ചയോടെയാണ് തുലാവർഷം ശക്തി പ്രാപിക്കാൻ സാധ്യത. ഇന്ന് തെക്കൻ കേരളത്തിൽ വ്യാപക മഴ അനുഭവപ്പെട്ടേക്കും. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലും, തീരദേശ മേഖലയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അടുത്ത 48 മണിക്കൂറിനുള്ളിലാണ് തുലാവർഷം തെക്കേ ഇന്ത്യക്ക് മുകളിൽ എത്തിച്ചേരാൻ സാധ്യത. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്രമാകും. അറബിക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. രണ്ട് ന്യൂനമർദ്ദങ്ങളുടെയും സ്വാധീന ഫലമായി ഇടിമിന്നലോട് കൂടിയ മഴ അനുഭവപ്പെടുന്നതാണ്.
തുലാവർഷത്തിന്റെ ആരംഭം അൽപം ദുർബലമായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഇന്ന് ഒരു ജില്ലകൾക്കും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം, തുലാവർഷം എത്തുമെന്ന് പ്രതീക്ഷിക്കുന്ന തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലും, ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments are closed.