ലോകകപ്പിൽ പാക്കിസ്ഥാനെയും പൊളിച്ചടുക്കി അഫ്ഗാനിസ്ഥാൻ

ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ വിസ്മയം അവസാനിക്കുന്നില്ല. നിലവിലുള്ള ചാംപ്യൻമാരായ ഇംഗ്ലണ്ടിനെതിരേ നേടിയ വിജയം ഫ്ളൂക്ക് ആയിരുന്നില്ലെന്നു തെളിയിച്ചുകൊണ്ട്, രണ്ടാം വിജയവും അവർ സ്വന്തമാക്കി. ഇത്തവണ അഫ്ഗാനു മുന്നിൽ അടിപതറിയത് അയൽക്കാരായ പാക്കിസ്ഥാൻ.

ഇരു ടീമുകൾക്കും നിർണായക മത്സരത്തിൽ ടോസ് നേടിയ പാക് ക്യാപ്റ്റൻ ബാബർ അസം ബാറ്റിങ് തെരഞ്ഞെടുത്തു. 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 282 റൺസാണ് പാക്കിസ്ഥാൻ നേടിയത്. അഫ്ഗാനിസ്ഥാൻ 49 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ആധികാരികമായ എട്ടു വിക്കറ്റ് വിജയം!

അഫ്ഗാനിസ്ഥാൻ പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. പാക്കിസ്ഥാനെതിരേ അവരുടെ ആദ്യത്തെ വിജയവും. ഇതിനു മുൻപ് ഇരുടീമുകളും ഏഴു വട്ടം അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോഴും വിജയം പാക്കിസ്ഥാനൊപ്പമായിരുന്നു.

ഈ മത്സരം പരാജയപ്പെട്ടിരുന്നെങ്കിൽ അഫ്ഗാനിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്താകുമായിരുന്നു. തോറ്റ പാക്കിസ്ഥാന് ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകം.

മൂന്ന് വിക്കറ്റ് നേടിയ കൗമാര സ്പിന്നർ നൂർ അഹമ്മദും നാല് ടോപ്പ് ഓർഡർ ബാറ്റർമാരുടെയും മികച്ച പ്രകടനവുമാണ് അഫ്ഗാനിസ്ഥാന്‍റെ വിജയം അനായാസമാക്കിയത്.

നേരത്തെ, ഓപ്പണർ അബ്ദുള്ള ഷഫീക്കും (75 പന്തിൽ 58) ക്യാപ്റ്റൻ ബാബർ അസമും (92 പന്തിൽ 74) പാക്കിസ്ഥാനു വേണ്ടി അർധ സെഞ്ചുറി നേടി. പതിനെട്ടുകാരൻ ഇടങ്കയ്യൻ സ്പിന്നർ നൂർ അഹമ്മദ് പത്തോവറിൽ 49 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് വീഴ്ത്തിയത്. ഇത്തവണത്തെ ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് നൂർ.

സ്ലോഗ് ഓവറുകളിൽ തകർത്തടിച്ച പാക്കിസ്ഥാന്‍റെ ലോവർ മിഡിൽ ഓർഡർ ബാറ്റർമാർ ഇഫ്തിക്കർ അഹമ്മദും (26 പന്തിൽ 40) ഷാദാബ് ഖാനും (38 പന്തിൽ 40) ചേർന്നാണ് ഇഴഞ്ഞുനീങ്ങുകയായിരുന്ന സ്കോറിങ്ങിനു ഗതിവേഗം നൽകിയത്.

എന്നാൽ, ആ തങ്ങളെ പിടിച്ചുകെട്ടാൻ ആ സ്കോർ മതിയാകില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അഫ്ഗാന്‍റെ മറുപടി ബാറ്റിങ്. ഓപ്പണിങ് വിക്കറ്റിൽ തന്നെ 21.1 ഓവറിൽ 130 റൺസ് പിറന്നു. 53 പന്തിൽ 65 റൺസെടുത്ത റഹ്മാനുള്ള ഗുർബാസാണ് കൂടുതൽ അപകടകാരിയായത്. മറുവശത്ത് നങ്കൂരമിട്ട് കളിച്ച ഇബ്രാഹം സദ്രാൻ 113 പന്തിൽ 87 റൺസും നേടി. ഇരുവരും പുറത്തായ ശേഷം ഒരുമിച്ച റഹ്മത്ത് ഷായും (84 പന്തിൽ പുറത്താകാതെ 74) ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിയും (45 പന്തിൽ പുറത്താകാതെ 48) ചേർന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ജയവുമായാണ് ക്രീസ് വിട്ടത്. ഇബ്രാഹിം സദ്രാൻ ആണ് പ്ലെയർ ഓഫ് ദ മാച്ച്.

Comments are closed.