പഴി മുഴുവൻ AI ക്യാമറക്ക്, നിയമം ലംഘിക്കാത്ത ബൈക്കിന് നിരന്തരം പിഴ: ഒടുവില്‍ കാരണം കണ്ടെത്തിയപ്പോള്‍ AI ഹീറോ

മലപ്പുറം: നിയമം ലംഘിക്കാത്ത ബൈക്കിന് നിരന്തരം പിഴ.ഒടുവില്‍ വാഹന ഉടമ പരാതി നല്‍കിയത് പിന്നാലെ കാരണം കണ്ടെത്തി പൊലീസ്.

ഇടുക്കി സ്വദേശിയായ യുവാവിന്റെ ബൈക്ക് മലപ്പുറം വണ്ടൂരിലെ AIക്യമറയിലും പതിഞ്ഞിരുന്നു. എന്നാല്‍ യുവാവ് മലപ്പുറത്ത് പോയിരുന്നുമില്ല. ആദ്യം AI ക്യാമറയുടെ പിഴവെന്ന് കരുതിയെങ്കിലും സത്യം പുറത്ത് വന്നത് പിന്നീടാണ്.

മലപ്പുറം പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ സംഭവത്തിന്റെ യഥാര്‍ത്ഥ കഥ പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ

ഇവിടെ വില്ലനല്ല, ‘ഹീറോ’യാണ് AI ക്യാമറ. മലപ്പുറം ജില്ലയിലെ ചേലാമ്ബ്രയില്‍ ജോലി നോക്കുന്ന ഇടുക്കി സ്വദേശിയുടെ പരാതി ലഭിച്ചതോടെയാണ് കഥയുടെ തുടക്കം. അദ്ദേഹത്തിന്റെ പേരിലുള്ള ബൈക്കിന് തുടര്‍ച്ചയായി AI ക്യാമറ പിഴ ചുമത്തുന്നു എന്നാണ് പരാതി. പക്ഷെ ആ ക്യാമറ പരിധികളിലോ, ഫൈൻ അടിച്ചിരിക്കുന്ന സമയത്തോ അദ്ദേഹം ബൈക്കുമായി ആ സ്ഥലത്തേക്കൊന്നും പോയിട്ടുമില്ല. എന്താല്ലേ…?

ഇക്കാര്യത്തില്‍ ആര്‍ ടി ഓഫീസില്‍ അടക്കം ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരാതി ഒടുവില്‍ ഇമെയില്‍ വഴി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ എത്തി.പിന്നീടങ്ങോട്ട് കാര്യങ്ങള്‍ ശരവേഗത്തിലായിരുന്നു. അദ്ദേഹത്തിന് ലഭിച്ച മുഴുവൻ ഫൈനുകളും പരിശോധിച്ചതില്‍ ഒരു ഫൈൻ മാത്രം പരാതിക്കാരന്റെ വാഹനത്തിനു ലഭിച്ചതാണെന്നും, അത് അദ്ദേഹം നേരിട്ട് അടച്ചിട്ടുണ്ടെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. എങ്കില്‍ പിന്നെ മറ്റു ഫൈനുകള്‍ എങ്ങനെ അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് എത്തി ?

ഫൈനുകളില്‍ ഒരെണ്ണം വണ്ടൂര്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ നിന്നായതിനാല്‍ AI ക്യാമറ പകര്‍ത്തിയ ചിത്രം സഹിതം സ്റ്റേഷൻ പരിധിയില്‍ അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ വാഹനത്തിന്റെ എൻജിൻ നമ്ബറും, ചെയ്‌സിസ് നമ്ബറും അടക്കം എടുത്തായിരുന്നു അന്വേഷണം തുടര്‍ന്നത്. ഒടുവില്‍ പരാതിക്കാരന്റെ ബൈക്കിന്റെ ‘ഇരട്ട’ സഹോദരനും ഉടമയും കസ്റ്റഡിയിലായി. എൻജിൻ നമ്ബറും, ചെയ്‌സിസ് നമ്ബറും പരിശോധിച്ചതില്‍ വണ്ടി വേറെയാണെന്നും, പരാതിക്കാരന്റെ വാഹനത്തിന്റെ നമ്ബര്‍ ഉപയോഗിച്ച്‌ ഓടുകയായിരുന്നു എന്നും മനസ്സിലായി. ഇടുക്കിയില്‍ നിന്നും OLX വഴി വാങ്ങിയ ബൈക്ക് ആയിരുന്നു കഥയിലെ വില്ലൻ. പരാതിക്കാരൻ ഇടുക്കിയില്‍ ഒരാള്‍ക്ക് വാഹനത്തിന്റെ RC ബുക്ക് പണയം വച്ചിരുന്നു. പണയം വാങ്ങിയ മറ്റൊരു വ്യക്തി ഇതേ RC ഉപയോഗിച്ച്‌, വാഹനം നമ്ബര്‍ മാറ്റി OLX വഴി വിറ്റു. വാങ്ങിയ ആളാകട്ടെ, വാഹനത്തിന്റെ രേഖകള്‍ പരിശോധിക്കാതെയും, വാഹനം സ്വന്തം പേരിലാക്കാതെയും വാഹനമുപയോഗിച്ച്‌ തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടത്തികൊണ്ടേയിരുന്നു. തുടരന്വേഷണത്തിനായി പരാതി ഇടുക്കിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇനി നിങ്ങള്‍ പറയൂ .. AI ക്യാമറ വില്ലനാണോ ?’

ഗുണപാഠം 1: വാഹനം വില്‍ക്കുമ്ബോഴും വാങ്ങുമ്ബോഴും RC ബുക്കിലെ പേരും വിലാസവും മാറ്റാൻ ശ്രദ്ധിക്കണം.

2: വാഹനത്തിന്റെ രേഖകള്‍ യാതൊരു കാരണവശാലും മറ്റൊരാള്‍ക്ക് കൈമാറരുത്.

Comments are closed.