അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ വിസിയോട് ഗവര്‍ണര്‍; ഇന്നും എസ്‌എഫ്‌ഐ പ്രതിഷേധത്തിന് സാധ്യത

തേഞ്ഞിപ്പാലം: എസ്‌എഫ്‌ഐ ഗവര്‍ണര്‍ പോരില്‍ നാടകീയ രംഗങ്ങള്‍ക്ക് വേദിയായി കോഴിക്കോട് സര്‍വകലാശാല. എസ്‌എഫ്‌ഐ ഉയര്‍ത്തിയ ബാനറുകള്‍ പൊലീസിനെ ഉപയോഗിച്ച്‌ നീക്കം ചെയ്ത് ഗവര്‍ണൻ ആരിഫ് മുഹമ്മദ്‌ ഖാൻ.

ബാനറുകള്‍ നീക്കം ചെയ്യാത്തതില്‍ ക്ഷുഭിതനായ ഗവര്‍ണര്‍ മലപ്പുറം എസ്പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് രൂക്ഷമായാണ് പ്രതികരിച്ചത്. ക്യാമ്ബസില്‍ പ്രകടനവുമായി എത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ വീണ്ടും ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍ ഉയര്‍ത്തി. വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ വൈസ് ചാൻസലറോട് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.

വിസിയുമായുളള കൂടിക്കാഴ്ചയില്‍ തന്റെ അമര്‍ഷം വ്യക്തമാക്കിയ ഗവര്‍ണര്‍ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ക്യാമ്ബസിലെ സാഹചര്യങ്ങളില്‍ ഗവര്‍ണറോട് വിസിയും രജിസ്ട്രാറും അതൃപ്തി അറിയിച്ചു. ക്യാമ്ബസിനെ സംഘര്‍ഷ വേദിയാക്കുന്നത് ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനാലുമാണ് ഗവര്‍ണറോട് ആശങ്കയറിയച്ചത്.

ഗവര്‍ണര്‍ക്കെതിരെ യൂണിവേഴ്‌സിറ്റി ക്യാമ്ബസില്‍ സ്ഥാപിച്ച ബാനറുകള്‍ നീക്കം ചെയ്യാത്തതില്‍ ഗവര്‍ണര്‍ രോഷം മുഴുവൻ തീര്‍ത്തത് പൊലീസിന് നേരെയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് ഗവര്‍ണര്‍ പൊട്ടിത്തെറിച്ചു. ക്യാമ്ബസിലെ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ പൊലീസിനുള്ള പരിമിതി ബോധ്യപ്പെടുത്താനുള്ള എസ്‌പിയുടെ ശ്രമം വിജയിച്ചില്ല. ഒടുവില്‍ എസ്പി തന്നെ നേരിട്ട് ബാനറുകള്‍ നീക്കം ചെയ്യുകയായിരുന്നു.

ബാനര്‍ നീക്കിയതോടെ പ്രതിഷേധവുമായി എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൗസിന് മുന്നിലേക്ക് മാര്‍ച്ച്‌ നടത്തി. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച്‌ മാര്‍ച്ച്‌ തടഞ്ഞതോടെ വാക്കേറ്റമായി. പിന്നീട് ഗവര്‍ണര്‍ക്ക് എതിരായ ബാനറുകള്‍ ഉയര്‍ത്തി എസ്‌എഫ്‌ഐയുടെ പ്രതിഷേധം. ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാറിൻ്റെ ഭാഗമായി ക്യാമ്ബസില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡില്‍ നിന്ന് കീറിയെടുത്ത ആരിഫ് മുഹമ്മദ് ഖാൻ്റെ ചിത്രവും ഗവര്‍ണറുടെ കോലവും പ്രവര്‍ത്തകര്‍ കത്തിച്ചു.

ബാനര്‍ അഴിപ്പിച്ചാല്‍ പകരം നൂറ് ബാനറുകള്‍ സ്ഥാപിക്കുമെന്ന് എസ്‌എഫ്‌ഐ നേരത്തെ തന്നെ പറഞ്ഞിരുന്നു. ക്യാമ്ബസിലെ ബാനറുകള്‍ അഴിപ്പിക്കാൻ പൊലീസിന് സാധിക്കില്ലെന്ന് ഗവര്‍ണര്‍ക്ക് അറിയില്ലേ എന്നാണ് എസ്‌എഫ്‌ഐ ചോദിക്കുന്നത്. ക്യാമ്ബസില്‍ ഗവര്‍ണര്‍ക്കെതിരെ കൂടുതല്‍ റോഡ് എഴുത്തുകളുമായും എസ്‌എഫ്‌ഐ. ‘Dont spit hans and pan parag’ എന്നാണ് എസ്‌എഫ്‌ഐയുടെ റോഡെഴുത്തുകള്‍. ഇന്നും പ്രതിഷേധം തുടരുമെന്നാണ് എസ്‌എഫ്‌ഐയുടെ മുന്നറിയിപ്പ്. പ്രതിഷേധമുണ്ടാകാൻ സാധ്യതയുളളതിനാല്‍ ജാഗ്രതയിലാണ് പൊലീസ്.

Comments are closed.