ജില്ലയ്ക്ക് ഡീസല്‍ വാഹനം വേണ്ട; ഇലക്‌ട്രിക്കില്‍ അതിവേഗം

മലപ്പുറം: കീശ ചോരാതെ യാത്ര ചെയ്യാമെന്നതിനൊപ്പം ചാര്‍ജ്ജ് തീ‌ര്‍ന്ന് വഴിയില്‍ കിടക്കുമോയെന്ന ആശങ്ക അകലുകയും ചെയ്തതോടെ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് വേഗംകൂട്ടി ജില്ല.

മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക് പ്രകാരം ജനുവരി മുതല്‍ ഡിസംബര്‍ 14 വരെ 9,304 ഇലക്‌ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം 5,414 വാഹനങ്ങളായിരുന്നു. 2020ല്‍ 194 വാഹനങ്ങള്‍ മാത്രം. രജിസ്റ്റര്‍ ചെയ്തവയില്‍ കൂടുതലും കാറുകളും ബൈക്കുകളുമാണ്.

ഇലക്‌ട്രിക് ഓട്ടോകളുടെ എണ്ണവും കൂടുന്നുണ്ട്. ഒറ്റചാര്‍ജ്ജില്‍ കൂടുതല്‍ മൈലേജും സാങ്കേതിക മികവുള്ള വാഹനങ്ങളുമായി മുൻനിര നിര്‍മ്മാതാക്കള്‍ രംഗത്തുവന്നതും കെ.എസ്.ഇ.ബിയും അനര്‍ട്ടും കൂടുതല്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ തുടങ്ങിയതും ഇലക്‌ട്രിക്കിലേക്കുള്ള വേഗം കൂട്ടിയിട്ടുണ്ട്. അരലക്ഷം രൂപ മുതല്‍ ഇലക്‌ട്രിക് സ്കൂട്ടറുകളും ഒരുലക്ഷം മുതല്‍ ബൈക്കുകളും എട്ട് ലക്ഷം മുതല്‍ മികച്ച കാറുകളും ലഭ്യമാണെന്നതും ഇലക്‌ട്രിക്കിന്റെ സ്വീകാര്യത കൂട്ടി. ഡീസല്‍ വാഹനങ്ങള്‍ കുറഞ്ഞു ജില്ലയില്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന കാര്യമായി കുറഞ്ഞിട്ടുണ്ട്.

പതിവിന് വിപരീതമായി ഇത്തവണ ഇലക്‌ട്രിക് വാഹനങ്ങളുടെ എണ്ണം ഡീസലിനെ മറികടന്നിട്ടുണ്ട്. ഈവര്‍ഷം 4,761 ഡീസല്‍ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ഇതില്‍ ഏറിയ പങ്കും ഹെവി വാഹനങ്ങളാണ്. ജനുവരി മുതല്‍ ഇതുവരെ വരെ 56,242 വാഹനങ്ങള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു. ഒരുമാസം ശരാശരി 4,000ത്തിന് മുകളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ഇലക്‌ട്രിക് വാഹന രജിസ്ട്രേഷൻ മലപ്പുറം ആര്‍.ടി ഓഫീസ്- 1,418 നിലമ്ബൂര്‍ സബ് ആര്‍.ടി – 1,053 കൊണ്ടോട്ടി സബ് ആര്‍.ടി – 1,349 തിരൂര്‍ സബ് ആര്‍.ടി – 1,858 പെരിന്തല്‍മണ്ണ സബ് ആര്‍.ടി – 1,037 തിരൂരങ്ങാടി സബ് ആര്‍.ടി – 1,719 പൊന്നാനി സബ് ആര്‍.ടി – 870 ഈവര്‍ഷത്തെ വാഹന രജിസ്ട്രേഷൻ മലപ്പുറം ആര്‍.ടി ഓഫീസ് – 9,492 തിരൂര്‍ സബ് ആര്‍.ടി – 14,830 കൊണ്ടോട്ടി സബ് ആര്‍.ടി – 9,492 നിലമ്ബൂര്‍ സബ് ആര്‍.ടി – 7,910 പെരിന്തല്‍മണ്ണ സബ് ആര്‍.ടി – 9,287 തിരൂരങ്ങാടി സബ് ആര്‍.ടി – 12,824 പൊന്നാനി സബ് ആര്‍.ടി – 7,652

Comments are closed.