സ്തനാര്‍ബുദ സാദ്ധ്യതയില്‍ ഏറെ മുന്നില്‍; തുടര്‍പരിശോധനയ്ക്ക് 92,785 പേര്‍

മലപ്പുറം: ജില്ലയില്‍ സ്തനാര്‍ബുദ ലക്ഷണമുള്ളവരുടെ എണ്ണം വലിയ തോതില്‍ ഉയരുന്നു. 30 വയസിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്താൻ സംസ്ഥാന ആരോഗ്യ വകുപ്പ് ശൈലീ ആപ്പ് മുഖേനെ നടത്തിയ സര്‍വേയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്തനാര്‍ബുദ സാദ്ധ്യതയുള്ളവരെ കണ്ടെത്തിയത് മലപ്പുറം ജില്ലയിലാണ്.

ആശാവര്‍ക്കര്‍മാര്‍ മുഖേനെ നടത്തിയ സര്‍വേയില്‍ 1,14,600 പേരെ കാൻസര്‍ പരിശോധനയ്ക്കായി നിര്‍ദേശിച്ചപ്പോള്‍ ഇതില്‍ 92,785 പേരിലും സ്തനാര്‍ബുദ ലക്ഷണങ്ങളാണ് കണ്ടെത്തിയത്. ഗര്‍ഭാശയ ഗള ക്യാൻസറിന് 16,140 പേരെയും വദനാര്‍ബുദത്തിന് 5,575 പേരെയും തുടര്‍പരിശോധനയ്ക്ക് നിര്‍ദേശിച്ചിട്ടുണ്ട്.

മറ്റ് അര്‍ബുദങ്ങളെ അപേക്ഷിച്ച്‌ സ്തനാര്‍ബുദ ലക്ഷണങ്ങള്‍ സ്വയം കണ്ടെത്താൻ സാധിക്കുമെങ്കിലും ഇതുസംബന്ധിച്ച അവബോധക്കുറവാണ് ജില്ലയില്‍ വില്ലനാവുന്നത്. നേരത്തെ തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ രോഗലക്ഷണങ്ങള്‍ ചോദിച്ചറിയുമ്ബോഴാണ് പലരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതെന്ന് ആശാപ്രവര്‍ത്തകര്‍ പറയുന്നു. 50 വയസ് പിന്നിട്ടവരാണ് ജില്ലയില്‍ സ്തനാര്‍ബുദ ലക്ഷണങ്ങള്‍ കണ്ടവരില്‍ ഭൂരിഭാഗവും. പലപ്പോഴും ക്യാൻസര്‍ ഒന്നാംഘട്ടം കടന്നിട്ടുണ്ടാവും. സ്താര്‍ബുദമോ, അണ്ഡാശയ അര്‍ബുദമോ ഉള്ള കുടുംബത്തിലെ അമ്മയുടേയോ, അച്ഛന്റെയോ ഭാഗത്തുള്ള ഒന്നിലധികം പേര്‍ക്ക് ഈ രോഗങ്ങള്‍ ബാധിച്ചിട്ടുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാദ്ധ്യത ഏറെയാണ്. സ്തനത്തിലോ കക്ഷത്തിലോ മുഴയോ, ഒരുഭാഗം കട്ടിയാവുകയോ, വീര്‍ക്കുകയോ ചെയ്യുക, ചര്‍മ്മത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം എന്നിവ ശ്രദ്ധിക്കപ്പെട്ടാല്‍ ഉടൻ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം തുടര്‍പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പേകുന്നു.

ജാഗ്രത വേണം ഈ കണക്കുകളില്‍

ശൈലീ ആപ്പിലെ കണക്കുപ്രകാരം 1,14,600 പേരെയാണ് ജില്ലയില്‍ ക്യാൻസര്‍ തുടര്‍പരിശോധനയ്ക്ക് നിര്‍ദേശിച്ചത്. തൊട്ടുപിന്നില്‍ തൃശൂരാണ്- 1,03,290 പേര്‍. തിരുവനന്തരപുരം – 80,080, കൊല്ലം – 72,070, എറണാകുളം – 70,740 എന്നിങ്ങനെയാണ് തുടര്‍പരിശോധനയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടവരുടെ കണക്ക്. ജില്ലയില്‍ ക്യാൻസര്‍ രോഗ സാദ്ധ്യതയുള്ളവരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ രോഗലക്ഷണങ്ങളുള്ള മുഴുവൻ പേരെയും കണ്ടെത്തുന്നതിനായി ശൈലീ ആപ്പ് മുഖേനെ രണ്ടാംഘട്ട സര്‍വേയ്ക്ക് ജനുവരിയില്‍ തുടക്കമാവും. ശൈലീ ആപ്പിലൂടെ ആശാവര്‍ക്കമാര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ആരോഗ്യവകുപ്പ് ഫീല്‍ഡ് സ്റ്റാഫുകള്‍ ക്രോഡീകരിച്ച ശേഷം രോഗസാദ്ധ്യതയുള്ളവരെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെത്തിച്ച്‌ പരിശോധിച്ച്‌ തുടര്‍ചികിത്സ ഉറപ്പാക്കും.

Comments are closed.