വൈഗ കൊലക്കേസില്‍ അച്ഛൻ സനു മോഹന് ജീവപര്യന്തം തടവ്

സ്നേഹവും പരിചരണവും നല്‍കേണ്ട അച്ഛൻ തന്നെ ജീവനെടുത്തു; വൈഗ കൊലക്കേസില്‍ അച്ഛൻ സനു മോഹന് ജീവപര്യന്തം തടവ്.

 

കൊച്ചി: മകളെ ശ്വാസം മുട്ടിച്ചു കൊന്ന് പുഴയിലെറിഞ്ഞ കേസില്‍ അച്ഛൻ സനു മോഹന് തടവുശിക്ഷ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

 

കുഞ്ഞിന് സ്നേഹവും പരിചരണവും നല്‍കേണ്ട അച്ഛൻ തന്നെ ജീവനെടുത്തെന്നും പ്രതിക്കെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായും കോടതി വ്യക്തമാക്കി.2021 മാര്‍ച്ച്‌ 21നാണ് ഭര്‍ത്താവ് സനു മോഹനെയും മകള്‍ 13കാരി വൈഗയെയും കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ രമ്യ പൊലീസില്‍ പരാതി നല്‍കിയത്. ആലപ്പുഴയിലെ ഭാര്യവീട്ടില്‍ നിന്നും ബന്ധുവിന്‍റെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് സനു മോഹൻ വൈഗയുമായി പോകുകയായിരുന്നു.

 

മാര്‍ച്ച്‌ 22ന് മുട്ടാര്‍ പുഴയില്‍ നിന്ന് വൈഗയുടെ മൃതദേഹം കണ്ടെടുത്തു. സനു മോഹനും പുഴയില്‍ ചാടി ജീവനൊടുക്കിയെന്ന നിഗമനത്തില്‍ രണ്ട് ദിവസം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ചുരുളഴിഞ്ഞത്.

 

സനു മോഹൻ അറസ്റ്റിലായി 82-ാം ദിവസമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മകള്‍ ബാധ്യതയാകുമെന്ന് കരുതി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. മകള്‍ വൈഗയെ കൊലപ്പെടുത്തി രക്ഷപ്പെടാനായിരുന്നു സനു മോഹന്‍റെ ശ്രമം.

 

കുട്ടിയെ കൊന്നശേഷം മറ്റൊരു നാട്ടില്‍ മറ്റൊരാളായി ജീവിക്കാമെന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടല്‍. 236 പേജുള്ള കുറ്റപത്രത്തിനൊപ്പം1200 പേജുള്ള കേസ് ഡയറിയടക്കമാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ 97 സാക്ഷികളാണുള്ളത്.

 

Comments are closed.