തൊഴിലുറപ്പുവേതനം ഇനി ആധാര്‍ അധിഷ്ഠിത സംവിധാനത്തിലൂടെ

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനവിതരണം ഇനിമുതല്‍ ആധാര്‍ അധിഷ്ഠിത സംവിധാനത്തിലൂടെമാത്രം.

വേതനവിതരണം ആധാര്‍ അധിഷ്ഠിതമാക്കാൻ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന അവസാനതീയതി ഡിസംബര്‍-31 ആയിരുന്നു.

 

തൊഴിലാളികളുടെ 12 അക്ക ആധാര്‍നമ്ബര്‍ ഉപയോഗിച്ചാണ് എ.ബി.പി.എസ്. (ആധാര്‍ ബേസ്ഡ് പേമെൻറ് സിസ്റ്റം) വഴി പണമിടപാട് നടത്തുന്നത്. നിലവില്‍ 25.89 കോടി തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. ഇതില്‍ 17.37 കോടി പേര്‍ എ.ബി.പി.എസ്. സംവിധാനത്തിലേക്കുമാറി. 32 ശതമാനം പേരാണ് പുറത്തുള്ളത്.

 

മോദിയുടെ ക്രൂരമായ സമ്മാനമെന്ന് കോണ്‍ഗ്രസ്

 

തൊഴിലുറപ്പ് വേതനം എ.ബി.പി.എസ്. വഴിയാക്കുക വഴി കോടിക്കണക്കിന് തൊഴിലാളികള്‍ പുറത്താക്കപ്പെടുമെന്ന് കോണ്‍ഗ്രസ്. സാങ്കേതികവിദ്യകൊണ്ട് പരീക്ഷണംനടത്തി പാവങ്ങളുടെ അടിസ്ഥാന വരുമാനം ഇല്ലാതാക്കുന്നത് പ്രധാനമന്ത്രിയുടെ ക്രൂരമായ പുതുവത്സര സമ്മാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്‌ ആരോപിച്ചു. ആധാറിനെ ആയുധമായി ഉപയോഗിച്ച്‌ പാവങ്ങളുടെ ആനുകൂല്യങ്ങളും കൂലിയും നിഷേധിക്കരുതെന്നും ആവശ്യപ്പെട്ടു.

 

അതേസമയം, സാഹചര്യമനുസരിച്ച്‌ എ.ബി.പി.എസില്‍ നിന്ന് ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഏതെങ്കിലും പഞ്ചായത്തില്‍ ആധാറുമായി ബന്ധിപ്പിക്കാൻ ആവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ ഇല്ല എന്ന് അറിയിക്കുകയാണെങ്കില്‍ ഇക്കാര്യം പരിഗണിക്കും. നിലവില്‍ 99 ശതമാനം പേമെന്റുകളും ബാങ്കുകള്‍ വഴിയോ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകള്‍ വഴിയോ ആണ് നല്‍കുന്നതെന്നും സര്‍ക്കാര്‍ പറഞ്ഞു.

Comments are closed.