ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന്‌ നൂതന പദ്ധതികളുമായി ജില്ലാഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും

മലപ്പുറം: വീല്‍ചെയര്‍ അവലംബരായി പരിമിതികളോട്‌ പോരാടുന്ന ഭിന്നശേഷിക്കാരെ ചേര്‍ത്ത്‌ പിടിക്കാന്‍ മലപ്പുറം ജില്ലാഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും.

വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന ഭിന്നശേഷിക്കാര്‍ക്ക്‌ സമയം ക്രിയാത്മകവും ആനന്ദകരവുമായി ചെലവഴിക്കാനും വിരസത നിറഞ്ഞ സാചര്യത്തിന്‌ മാറ്റമുണ്ടാക്കാനുമുള്ള നൂതന പദ്ധതിയാണ്‌ ജില്ലാ കളക്‌ടര്‍ വി.ആര്‍. വിനോദിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കുന്നത്‌. പരിമിതികള്‍ക്കിടയിലും ഉത്സാഹത്തോടെ മുന്നോട്ടു നീങ്ങുന്നതിന്‌ വീല്‍ചെയര്‍ അവലംബരെ പ്രാപ്‌തരാക്കുന്ന പദ്ധതിയാണ്‌ ആദ്യഘട്ടത്തില്‍ ജില്ലാഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന്‌ ജില്ലയിലെ ചെസ്സ്‌ കളിക്കാരുടെ കൂട്ടായ്‌മയുടെ സഹായത്തോടുകൂടി നടപ്പിലാക്കുന്നത്‌.
പദ്ധതിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സേവന സന്നദ്ധരായ ചെസ്‌ പരിശീലകരെ ഉപയോഗപ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക്‌ ചെസ്‌ പരിശീലനം സംഘടിപ്പിക്കും. ജില്ലയിലെ ആറ്‌ കേന്ദ്രങ്ങളില്‍ അടുത്ത ദിവസങ്ങളിലായി പരിശീലന പരിപാടി നടത്താനാണ്‌ ആലോചന. ആദ്യത്തെ പരിശീലന പരിപാടിയും ജില്ലാതല ഉദ്‌ഘാടനവും ഈ മാസം ഏഴിന്‌ രാവിലെ 10ന്‌ തിരൂര്‍ ഫാത്തിമ മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. അന്നേ ദിവസം 11:30ന്‌ കുറ്റിപ്പുറത്ത്‌ ചെസ്‌ ഫൗണ്ടേഷന്‍ ഹാളിലും പരിശീലന പരിപാടി സംഘടിപ്പിക്കും. തുടര്‍ന്ന്‌ 13ന്‌ മലപ്പുറം, പെരിന്തല്‍മണ്ണ, 14ന്‌ മഞ്ചേരി, നിലമ്ബൂര്‍ എന്നിവിടങ്ങളിലാണ്‌ പരിശീലന പരിപാടികള്‍. സന്നദ്ധ സേവകരായ ചെസ്‌ കളിക്കാര്‍ ഭിന്നശേഷിക്കാരുടെ വീടുകളില്‍ ആഴ്‌ചയില്‍ രണ്ടുദിവസം സന്ദര്‍ശിച്ച്‌ അവരോടൊപ്പം ചിലവഴിക്കുകയും തുടര്‍ പരിശീലനം നല്‍കുകയും മാനസികോല്ലാസത്തിന്‌ ഉതകുന്ന വിവിധ പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും ചെയ്ുയം. ഐടി സാധ്യതകള്‍ ഉപയോഗിച്ച്‌ ഭിന്നശേഷിക്കാര്‍ക്ക്‌ തൊഴിലവസരങ്ങള്‍ കണ്ടെത്താനും പരിശീലനം നല്‍കും. പൂര്‍ണ്ണമായും സൗജന്യമായാണ്‌ സേവനം നല്‍കുക. പങ്കെടുക്കാന്‍ താല്‌പര്യമുള്ള ഭിന്നശേഷിക്കാരില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആവശ്യമുള്ളവര്‍ മുന്‍കൂറായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പേര്‌ രജിസ്‌റ്റര്‍ ചെയ്യണമെന്ന്‌ ജില്ലാ കളക്‌ടര്‍ അറിയിച്ചു. ഫോണ്‍ / വാട്‌സാപ്പ്‌: 7012835273.

Comments are closed.