ഇന്റര്‍നെറ്റ്‌ പണിമുടക്കുന്നു; വേങ്ങരയില്‍ ആധാരം രജിസ്‌ട്രേഷന് കാലതാമസം

വേങ്ങര: വസ്തുപ്രമാണ രജിസ്‌ട്രേഷന്‍ നടപടികള്‍ മുടങ്ങുന്നത് വേങ്ങരയില്‍ പതിവാകുന്നു. ഇന്റര്‍നെറ്റ് തകരാറാണ് കാരണം.

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ സജ്ജീകരിച്ച കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വര്‍ക്കിന്റെ സെര്‍വര്‍ വഴിയാണ് സബ് രജിസ്ട്രാര്‍ ഓഫിസ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഓഫിസുകളിലേക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നത്.

എന്നാല്‍ സെര്‍വര്‍ മെല്ലെപ്പോക്ക് തുടങ്ങിയിട്ട് മാസങ്ങളായി. വസ്തുപ്രമാണ വിലയുടെ പത്ത് ശതമാനം മുദ്രയിനത്തിലും ഫീസിനത്തിലും ട്രഷറിയില്‍ അടച്ച ശേഷമാണ് രജിസ്‌ട്രേഷനു വേണ്ടി പൊതുജനം ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നത്. വിഷയം നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയില്ല.

മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പ്രമാണ രജിസ്‌ട്രേഷനു വന്ന നിരവധിയാളുകളാണ് വൈകുന്നേരമായിട്ടും ഇന്റര്‍നെറ്റ് സംവിധാനം ലഭിക്കാത്തതിനാല്‍ തിരിച്ചു പോയത്.

അതേസമയം, സബ് രജിസ്ട്രാര്‍ ഓഫിസില്‍ കെ. ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ആവശ്യമായ മറ്റ് സൗകര്യങ്ങളൊന്നും അനുവദിച്ചിട്ടില്ല. കെ ഫോണ്‍ വഴി ലഭിക്കുന്ന ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്‌താല്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കാന്‍ പറ്റില്ലെന്നതും പ്രശ്‌നത്തിന്റെ സങ്കീര്‍ണത വര്‍ധിപ്പിക്കുകയാണ്. കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വര്‍ക്കിന്റെ സെര്‍വര്‍ പ്രശ്‌നം പരിഹരിച്ചാലും ഇത് സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തില്‍ വൈദ്യുതി ഇല്ലാതായാലും സേവനം നിലക്കും. കെട്ടിടത്തില്‍ യു.പി.എസ് സംവിധാനമില്ലാത്തതാണ് ഇതിന് കാരണം.

Comments are closed.