തീവ്രസ്വഭാവത്തില്‍ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ല’; സത്താര്‍ പന്തല്ലൂരിനെതിരെ പുത്തനഴി മൊയ്തീൻ ഫൈസി

മലപ്പുറം: കൈവെട്ട് പരാമര്‍ശം നടത്തിയ എസ്കെഎസ്‌എസ്‌എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ സമസ്‌ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി.

തീവ്രസ്വഭാവത്തില്‍ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ല. ഇത്തരം പരാമര്‍ശങ്ങള്‍ സമസ്തയുടെ നേതാക്കള്‍ പറയാറില്ലെന്നും തീവ്രവാദികള്‍ക്ക് എതിരെ എന്നും നിലപാട് എടുത്ത പ്രസ്ഥാനമാണ് സമസ്തയെന്നും പുത്തനഴി മൊയ്തീൻ ഫൈസി വ്യക്തമാക്കി.

 

എൻഡിഎഫ് അടക്കമുള്ള തീവ്രവാദ സംഘടനകള്‍ വന്നപ്പോള്‍ പ്രതിരോധം തീര്‍ത്തവരാണ് സമസ്ത. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്ക് കീഴില്‍ ഉള്ള ഒരു സംഘടനയ്ക്കും തീവ്രവാദ ശൈലി ഇല്ലെന്നും മൊയ്തീൻ ഫൈസി പറഞ്ഞു. സത്താര്‍ പന്തല്ലൂരിന്റെ പരാമര്‍ശത്തില്‍ സമസ്തയുടെ ഉന്നത നേതാക്കള്‍ വേണ്ടത് പോലെ കൈകാര്യം ചെയ്യുമെന്നും മൊയ്തീൻ ഫൈസി വ്യക്തമാക്കി.

 

മലപ്പുറത്ത് മുഖദ്ദസ് സന്ദേശ യാത്രയുടെ സമാപന റാലിയിലായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ വിവാദ പരാമര്‍ശം. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടുമെന്നാണ് സത്താര്‍ പന്തല്ലൂരിന്റെ പരാമര്‍ശം. മുശാവറ തീരുമാനം അംഗീകരിക്കാത്തവരെ സമസ്തയ്ക്കും എസ്കെഎസ്‌എസ്‌എഫിനും ആവശ്യമില്ല. സമസ്തയുടെ നേതാക്കളെ കൊച്ചാക്കാൻ ശ്രമിച്ചാല്‍ അവരെ ഇരുത്തേണ്ടിടത്ത് ഇരുത്തും. ഒരു സംഘടനയുടെയും വിരുദ്ധരല്ല ഈ പ്രവര്‍ത്തകരെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

 

മുസ്ലിം ലീഗിനെ പരോക്ഷമായി ലക്ഷ്യമിട്ടാണ് സത്താര്‍ പന്തല്ലൂരിൻ്റെ പ്രസംഗമെന്നും ഇതിനകം ആരോപണം ഉയര്‍ന്നിട്ടുണ്ട്. സമസ്ത അണികള്‍ വളരെ ആവേശത്തോടെയാണ് പക്ഷെ സത്താര്‍ പന്തല്ലൂരിൻ്റെ പ്രസംഗത്തെ സ്വീകരിച്ചത്. മുസ്‌ലീം ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ചതിൻ്റെ പേരില്‍ ജാമിഅഃ നൂരിയ്യ വാര്‍ഷിക സമ്മേളനത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സത്താര്‍ പന്തല്ലൂരിൻ്റെ പ്രസംഗം ചര്‍ച്ച ചെയ്യപ്പെടുന്നത്. ജാമിയ നൂരിയ്യയിലെ പരിപാടിയില്‍ നിന്ന് വിലക്കിയ യുവനേതാക്കളില്‍ ഒരാളാണ് സത്താര്‍ പന്തല്ലൂര്‍.

 

ജാമിഅഃ നൂരിയ്യ വാര്‍ഷിക സമ്മേളനത്തില്‍ നിന്ന് യുവനേതാക്കളെ വെട്ടി നിരത്തിയതിന് പിന്നില്‍ ലീഗ് നേതാക്കളെന്നായിരുന്നു സമസ്‌തയിലെ ഒരു വിഭാഗത്തിന്റെ ആരോപണം. എസ്കെഎസ്‌എസ്‌എഫിലെ മറ്റൊരു വിഭാഗം ഈ ആരോപണത്തെ എതിര്‍ക്കുകയും ചെയ്തു. സേവ് ജാമിയ എന്ന പേരില്‍ മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖ് അലി തങ്ങളെ വിമര്‍ശിച്ചു കൊണ്ട് ലഘുലേഖ പുറത്തിറക്കുകയും ചെയ്തു. ജാമിഅഃ ക്യാമ്ബസില്‍ ലഘുലേഖ വിതരണം ചെയ്തിരുന്നു. ജാമിഅ സമ്മേളനങ്ങളില്‍ സ്ഥിരമായി പ്രഭാഷണം നടത്താറുള്ള ഹമീദ് ഫൈസി അമ്ബലക്കടവ്, സത്താര്‍ പന്തല്ലൂര്‍, റഷീദ്‌ ഫൈസി വെള്ളായിക്കോട്, മുസ്തഫ മുണ്ടുപാറ, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ എന്നിവരെയാണ് ഒഴിവാക്കിയത്. ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയായിരുന്നു ജാമിഅഃ നൂരിയ്യ വാര്‍ഷിക സമ്മേളനം.

Comments are closed.