ഊട്ടി : തമിഴ്നാട്ടിലെ സുഖവാസ കേന്ദ്രമായ ഊട്ടി കൊടും ശൈത്യത്തിലേക്ക്. ഊട്ടിയിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് അടുത്തേക്ക് നീങ്ങുകയാണ്. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഊട്ടിയിലെ സാൻഡിനല്ല റിസർവോയർ പ്രദേശത്ത് സീറോ ഡിഗ്രി സെൽഷ്യസാണ് താപനില. കന്തൽ, തലൈകുന്ത പ്രദേശങ്ങളിൽ ഒരു ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ബോട്ടാണിക്കൽ ഗാർഡൻ പ്രദേശത്ത് രണ്ട് ഡിഗ്രി സെൽഷ്യസാണ്.
പ്രദേശവാസികളേയും കർഷകരേയും പ്രതിസന്ധിയിലാഴ്ത്തുന്നതാണ് നിലവിലെ ഊട്ടിയിലെ കാലാവസ്ഥയെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. തേയിലത്തോട്ടങ്ങൾ ധാരാളമുള്ളതുകൊണ്ടുതന്നെ വലിയ പ്രതിസന്ധിയാണ് കർഷകർ നേരിടുന്നത്. ഡിസംബറിൽ ശക്തമായ മഴയായിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ ശക്തമായ ശൈത്യവും അനുഭവപ്പെടുന്നത്.
പർവ്വതനിരകളിൽ അനവസരത്തിലുള്ള കൊടുംതണുപ്പ് പരിസ്ഥിതിപ്രവർത്തകരേയും ആശങ്കപ്പെടുത്തുന്നുണ്ട്. ആഗോളതാപനത്തിന്റെ പരിണിതഫലമാണ് ഊട്ടിയിലെ അതിശൈത്യമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തെക്കുറിച്ച് പഠനങ്ങൾ നടക്കേണ്ടതുണ്ടെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments are closed.