കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കാന്‍ വൈകും

കരിപ്പൂർ: വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാൻ കാത്തിരിപ്പ് നീളും. റെസ നിർമ്മാണം പൂർത്തിയായാല്‍ മാത്രമെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കൂവെന്ന് മലപ്പുറം എം.പി അബ്ദുസമദ് സമദാനിയെ വ്യോമയാന സഹമന്ത്രി രേഖാമൂലം അറിയിച്ചു.

കരിപ്പൂർ വിമാനപകടത്തിന് പിന്നാലെയാണ് വലിയ വിമാനങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തിയത്. വലിയ വിമാനങ്ങള്‍ ഇറങ്ങത്തത് യാത്രകാർക്ക് പ്രയാസം സൃഷ്ടിക്കുന്നതും നിലവിലെ റണ്‍വേയുടെ സുരക്ഷയും ചൂണ്ടിക്കാട്ടിയാണ് മലപ്പുറം എം.പി ഡോ. എം.പി അബ്ദു സമദ് സമദാനി വിഷയം പാർലമെൻ്റില്‍ ഉന്നയിച്ചിരുന്നു. റണ്‍വേ നവീകരണവും റെസയുടെ നീളം കൂട്ടലും കഴിഞ്ഞ ശേഷം മാത്രമെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കൂ എന്ന നിലപാടിലാണ് വ്യോമയാന മന്ത്രാലയം. വിദഗ്ധ സമിതി നിർദേശമനുസരിച്ച്‌ റെസ നിർമ്മാണത്തിന് ശേഷം മാത്രമെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കൂവെന്ന് വ്യോമയാന സഹമന്ത്രി ഡോ.വിജയകുമാർ സിങ് കത്തിലൂടെ സമദാനിയെ അറിയിച്ചു.

റണ്‍വേ നവീകരണ ജോലികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. മന്ത്രിയുടെ കത്ത് പുറത്ത് വന്നതോടെ ഹജ്ജിനായി വലിയ വിമാനങ്ങള്‍ അനുവദിക്കുമെന്ന പ്രതീക്ഷയും ഇല്ലാതായി. വലിയ വിമാനങ്ങള്‍ സർവീസ് നടത്തിയാല്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം.

Comments are closed.