ഇത്ര നേരത്തെ എന്തൊരു ചൂട്

മലപ്പുറം: ഫെബ്രുവരി തുടക്കത്തില്‍ തന്നെ വേനലിന് സമാനമായ ചൂടിനെ നേരിടേണ്ട അവസ്ഥയിലാണ് ജില്ല. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കരിപ്പൂർ വിമാനത്താവളത്തിലെ താപമാപിനിയില്‍ ഇന്നലെ 34.2 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.

തൊട്ടുമുമ്ബത്തെ ദിവസം 35.7 ഡിഗ്രി ആയിരുന്നു ചൂട്. കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ 30- 32 ഡിഗ്രി ചൂട് അനുഭവപ്പെട്ടിരുന്ന സ്ഥാനത്താണ് മൂന്ന് ഡിഗ്രിയില്‍ അധികം ചൂട് വർദ്ധിച്ചത്. വരുംദിവസങ്ങളിലും പകലില്‍ ചൂട് വർദ്ധിച്ചേക്കും.

 

ജില്ലയില്‍ മാർച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ ചൂട് 35 ഡിഗ്രിക്ക് മുകളില്‍ എത്തിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഏപ്രില്‍, മേയ് മാസങ്ങളില്‍ ചൂട് കടുക്കുമെന്ന മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് അധികൃതർ നല്‍കുന്നുണ്ട്. പാലക്കാട്, മലപ്പുറം, തൃശൂർ, കൊല്ലം, കണ്ണൂർ, കോട്ടയം ജില്ലകളിലാണ് ചൂട് കൂടുതല്‍ രേഖപ്പെടുത്തുന്നത്. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ്. 36.5 ഡിഗ്രി സെല്‍ഷ്യസ്. ഈ മാസം മൂന്നിന് രാജ്യത്ത് സമതല പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് പുനലൂരിലാണ്. 37 ഡിഗ്രി. അതേസമയം, ജില്ലയിലെ ഓട്ടോമാറ്റിക് വെതർസ്‌റ്റേഷനുകളില്‍ പലയിടങ്ങളിലും 37 ഡിഗ്രി ചൂട് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു.

 

മഴ മുന്നറിയിപ്പില്ല

 

ഈ മാസം 11 വരെ ജില്ലയില്‍ മഴ മുന്നറിയിപ്പുകളില്ല. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി ഏഴ് വരെ 3.2 മില്ലീമീറ്റർ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 31 മില്ലീമീറ്റർ മഴ ലഭിച്ചു. ജനുവരി ആദ്യ ആഴ്ചയില്‍ കനത്ത മഴയ്ക്ക് ശേഷം മഴ തീർത്തും മാറിനില്‍ക്കുന്ന സ്ഥിതിയാണ്. ഇതും വേനല്‍ചൂട് കനപ്പിക്കാൻ കാരണമായിട്ടുണ്ട്.

Comments are closed.