അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം, ഭാര്യക്ക് ജോലി; മയക്കുവെടി ദൗത്യം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യന്പള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജിയുടെ ഭാര്യയ്ക്ക് സ്ഥിരം ജോലി നല്‍കാൻ സർവകക്ഷി യോഗത്തിലാണ് ധാരണ.

പ്രതിഷേധക്കാരുമായി ജില്ലാ കളക്ടർ രേണു രാജാണ് ചർച്ച നടത്തിയത്.

 

അജിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി തിങ്കളാഴ്ച പത്ത് ലക്ഷം രൂപ കൈമാറും. 40 ലക്ഷം രൂപ കൂടി നല്‍കാൻ സർക്കാരിനോട് ശിപാർശ ചെയ്യാനും യോഗത്തില്‍ ധാരണയായി.

 

അജിയുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകള്‍ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉറപ്പുനല്‍കി. കുടുംബത്തിന്‍റെ കടബാധ്യത എഴുതി തള്ളുന്നത് പരിഗണിക്കുമെന്നു കളക്ടറും അറിയിച്ചു.

 

ആനയെ മയക്കുവെടിവച്ച്‌ പിടികൂടും. ആനയെ തുറന്നു വിടില്ലെന്നും മുത്തങ്ങയിലെ ക്യാന്പിലേക്ക് മാറ്റുമെന്നും സർക്കാർ അറിയിച്ചു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ചു.

 

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. ഇന്ന് രാവിലെ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. മാനന്തവാടിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം റോഡുകള്‍ ഉപരോധിച്ചു. എസ്പിയെയും ജില്ലാ കളക്ടറെയും പ്രതിഷേധക്കാർ തടഞ്ഞു. എസ്പിയുടെ വാഹനം ആശുപത്രിയിലേക്ക് കടത്തിവിടാൻ പോലും പ്രതിഷേധക്കാർ തയറായിരുന്നില്ല.

 

പിന്നീട് ജില്ലാ കളക്ടർ പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ ഇവർ കൂട്ടാക്കിയില്ല. ഇതിനുപിന്നാലെ അജിയുടെ മൃതദേഹവുമായി നാട്ടുകാർ റോഡിലൂടെയും സബ് കളക്ടർ ഓഫീസിലേക്കും പ്രതിഷേധ പ്രകടനം നടത്തി. ഇതോടെയാണ് കളക്ടർ പ്രതിഷേധക്കാരുമായി ചർച്ച നടത്തിയത്.

Comments are closed.