കല്‍പകഞ്ചേരിയിൽ മുങ്ങി മരിച്ച വിദ്യാര്‍ഥിനികള്‍ക്ക് നാട് കണ്ണീരോടെ വിട നല്‍കി

ല്‍പകഞ്ചേരി: സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ക്യാമ്ബിനെത്തി നെടുങ്കയം കരിമ്ബുഴയില്‍ മുങ്ങി മരിച്ച കല്ലിങ്ങല്‍പറമ്ബ് എംഎസ്‌എംഎച്ച്‌എസ് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സഹപാഠികളും അധ്യാപകരും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി.

സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി കന്മനം കുറുങ്കാട് പുത്തന്‍വളപ്പില്‍ അബ്ദുറഷീദിന്‍റെ മകള്‍ ആയിഷറിദ, ആറാംക്ലാസ് വിദ്യാര്‍ഥിനി പുത്തനത്താണി ചെലൂര്‍ കുന്നത്ത് പീടിയേക്കല്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ മുഹ്സിന എന്നിവരാണ് വെള്ളിയാഴ്ച വൈകീട്ടോടെ കുളിങ്ങാനിറങ്ങി കയത്തില്‍ മുങ്ങി മരിച്ചത്.

 

നിലമ്ബൂര്‍ ജില്ലാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ ഉച്ചയോടെ ആദ്യം റിദയുടെ മൃതദേഹമാണ് കുറുങ്കാട്ടിലെ വീട്ടിലെത്തിച്ചത്. പ്രിയ കൂട്ടുകാരികളെ അവസാനമായി ഒരു നോക്കുകാണാനും അന്ത്യോപചാരം അര്‍പ്പിക്കുവാനുമായി നിരവധി വിദ്യാര്‍ഥികളാണ് ഇരുവരുടെയും വീടുകളിലെത്തിയത്.

 

മരണ വിവരമറിഞ്ഞ് വിദേശത്തായിരുന്ന വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍ നാട്ടിലെത്തിയിട്ടുണ്ട്. കലാരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ഥിനിയായിരുന്നു ആയിഷറിദ. ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ അറബിക് ഗ്രൂപ്പ് സോംഗില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്. കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ പ്രാദേശിക വാര്‍ത്താവയനയിലൂടെ ശ്രദ്ധേയയുമായിരുന്നു.

 

രാജ്യപുരസ്കാര്‍ നേട്ടത്തിനായുള്ള പരിശ്രമത്തിലുമായിരുന്നു. തികഞ്ഞ അച്ചടക്കമുള്ളവളും അധ്യാപകര്‍ക്ക് ഏറെ പ്രിയമുള്ള വിദ്യാര്‍ഥിനിയുമായിരുന്നു ഫാത്തിമ മുഹ്സിന. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മുഹ്സിനയുടെ മൃതദേഹം പുത്തനത്താണി ചെലൂര്‍ ജുമുഅ മസ്ജിദിലും ആയിഷ റിദയുടെ മൃതദേഹം കന്മനം ജുമുഅ മസ്ജിദിലും കബറടക്കി.

 

അതേസമയം വനം വകുപ്പിന്‍റെ നെടുങ്കയത്തെ ഡോര്‍മെറ്ററി താത്കാലികമായി അടച്ചതായി നിലമ്ബൂര്‍ സൗത്ത് ഡി.എഫ്.ഒ. ഡാനീഷലി പറഞ്ഞു. സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഉറപ്പ് വരുത്തിയ ശേഷമേ ഡോര്‍മെറ്ററി തുറക്കുവെന്നും ഡി.എഫ്.ഒ. പറഞ്ഞു.

 

 

Comments are closed.