സംസ്ഥാനത്ത് ചിക്കൻപോക്സ് പടരുന്നു ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

മലപ്പുറം: കടുത്ത ചൂടിനൊപ്പം ചിക്കന്‍പോക്സും പടര്‍ന്നുപിടിക്കുകയാണ് കേരളത്തില്‍. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതലായി ചിക്കന്‍പോക്സ് കേസുകള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുള്ളത്.

സ്‌കൂളുകളില്‍ മിക്കവാറും ക്ലാസുകള്‍ കഴിഞ്ഞതിനാല്‍ അതുവഴി കൂടുതല്‍ പടരാനിടയില്ലെന്ന കണക്കുകൂട്ടലിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍.

ഇത്തവണ നേരത്തേതന്നെ വലിയ ചൂട് തുടങ്ങിയതിനാല്‍ ചിക്കന്‍പോക്സ് കൂടുതലായി കണ്ടേക്കാമെന്നതിനാല്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. മലപ്പുറം ഉള്‍പ്പെടെ പല ജില്ലകളിലും ചിക്കന്‍പോക്സും മുണ്ടിനീരും റിപ്പോര്‍ട്ടുചെയ്യുന്നുണ്ട്. എന്നാല്‍ അത്ര വ്യാപകമായ തോതിലല്ലെന്ന് മലപ്പുറം ഡി.എം.ഒ. ഡോ. ആര്‍. രേണുക പറഞ്ഞു. പ്രമേഹമുള്ളവരും പ്രായംകൂടിയവരും ചിക്കന്‍പോക്സ് വന്നാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ. നിര്‍ദേശിച്ചു.

കേരളത്തില്‍ ഈവര്‍ഷം ഇതുവരെ മൂവായിരത്തിലധികം പേര്‍ക്ക് ചിക്കന്‍പോക്സ് വന്നതായാണു റിപ്പോര്‍ട്ട്. തോത് വളരെക്കൂടുതലല്ലെങ്കിലും ചൂട് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.ചിക്കന്‍പോക്സ് പിടിപെടുന്നവര്‍ക്ക് പ്രത്യേക കാഷ്വല്‍ ലീവ് എടുക്കാന്‍ മുന്‍പ് അനുമതിയുണ്ടായിരുന്നത് ഇടക്കാലത്ത് എടുത്തുകളഞ്ഞിരുന്നു. ഫെബ്രുവരി മുതല്‍ അത് പുനഃസ്ഥാപിച്ച്‌ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.സാധാരണഗതിയില്‍ ഇത് വലിയ രോഗാവസ്ഥയായി മാറാറില്ല. എന്നാല്‍ അത്യപൂര്‍വമായിട്ടാണെങ്കിലും ചിക്കന്‍പോക്സ്മൂലം രോഗി മരിച്ച സംഭവവും നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്.ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതിനു രണ്ടാഴ്ചയോളം മുന്‍പ് രോഗാണു ശരീരത്തില്‍ പ്രവേശിച്ചിട്ടുണ്ടാകും. ആ തുടക്കകാലത്താണ് രോഗം പകരാനും സാധ്യതയുള്ളത്.

 

Comments are closed.