കൊണ്ടോട്ടി താലൂക്ക് ആശുപത്രി നവീകരണത്തിന് തുടക്കം

കൊണ്ടോട്ടി: കാത്തിരിപ്പിനൊടുവില്‍ കൊണ്ടോട്ടി താലൂക്ക് ഗവ. ആശുപത്രിയിലെ നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി.

നിലവിലുള്ള കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തിയാണ് ആരംഭിച്ചത്. ബജറ്റിലെ പ്ലാന്‍ ഫണ്ടില്‍നിന്ന് അനുവദിച്ച 1.13 കോടി രൂപ ചെലവഴിച്ചുള്ള നവീകരണം ടി.വി. ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

 

ലിഫ്റ്റ്, റാമ്ബ്, പുതിയ ഹാളുകള്‍ എന്നിവയുടെ നവീകരണവും ഇതോടനുബന്ധിച്ച്‌ നടക്കുന്നുണ്ട്. ആശുപത്രിക്ക് കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ 44 കോടി രൂപ ചെലവില്‍ പുതിയ കെട്ടിട സമുച്ചയം ഒരുക്കുന്ന പദ്ധതിക്ക് ടെണ്ടര്‍ നടപടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രിയില്‍ അനുവദിച്ച ഡെന്റല്‍ യൂനിറ്റിലേക്ക് ഡോക്ടറുടെയടക്കം മൂന്ന് തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു. ഈ വിഭാഗത്തില്‍ പശ്ചാത്തല സൗകര്യവും മറ്റ് അനുബന്ധ സൗകര്യവും ഒരുക്കാൻ 60 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

 

പ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ സനൂപ്, സ്ഥിരം സമിതി അധ്യക്ഷരായ അബീന പുതിയറക്കല്‍, എ. മൊയതിന്‍ അലി, അഷ്‌റഫ് മടാന്‍, റംല കൊടവണ്ടി, കൗണ്‍സിലര്‍ സാലിഹ് കുന്നുമ്മല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.സുജാത, ഡോ. ബാബു എന്നിവര്‍ സംസാരിച്ചു.

Comments are closed.