കീഴുപറമ്പിൽ വള്ളംകളി മത്സരത്തിനിടെ സംഘർഷം; നിരവധി പേർക്ക് പരിക്ക്

കീഴുപറമ്പ്: കീഴുപറമ്പിൽ വള്ളംകളി മത്സരത്തിനിടെ സംഘർഷം. നിരവധി പേർക്ക് പരിക്കേറ്റു. സെമി ഫൈനൽ മത്സരത്തിലെ ജേതാക്കളെ നിശ്ചയിച്ചതിലെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് പോലീസ് ലാത്തിവീശിയതോടെ ഓടുന്നതിനിടെ വീണും മർദനമേറ്റുമാണ് നിരവധിയാളുകൾക്ക് പരിക്കേറ്റത്. സംഘർഷത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഘർഷമുണ്ടായതോടെ ചിലരെ മറ്റു ചിലർ കസേര കൊണ്ട് അടിക്കുന്നതും ആളുകൾ കൂട്ടത്തോടെ ഓടുന്നതും വീഡിയോയിൽ കാണാം. കീഴുപറമ്പ് സി.എച്ച് ക്ലബ്ബ് സംഘടിപ്പിച്ച ജലോത്സവത്തിന്റെ ഭാഗമായ വള്ളംകളി മത്സരത്തിലാണ് സംഘർഷമുണ്ടായത്. രാവിലെയാണ് വള്ളംകളി മത്സരങ്ങൾ തുടങ്ങിയത്.

ആദ്യ സെമി ഫൈനൽ മത്സരത്തിന്റെ വിജയികളെ തീരുമാനിച്ചതാണ് തർക്കത്തിലേക്കും പിന്നീട് സംഘർഷത്തിലേക്കും നീങ്ങിയത്. ഫോട്ടോഫിനിഷിലാണ് മത്സരം സമാപിച്ചത്. ശേഷം വീഡിയോ അടക്കം പരിശോധിച്ച് സംഘാടകർ വിജയികളെ പ്രഖ്യാപിച്ചു.

എന്നാൽ തങ്ങളാണ് വിജയികളെന്ന് പറഞ്ഞ് എതിർ ടീം രംഗത്തുവന്നു. രണ്ടാം സെമി ഫൈനൽ നടത്താൻ സമ്മതിക്കില്ലെന്നും ഇവർ പറഞ്ഞു. ഇതോടെ തർക്കത്തെ തുടർന്ന് തുടർ മത്സരങ്ങൾ നടത്താനായില്ല. ഇതേ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അതേസമയം തർക്കത്തിനിടെ ഇടപെട്ട പോലീസിനെ അടക്കം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Comments are closed.