വയൽരക്ഷാ കൂട്ടായ്മയിൽ ‘പൊന്മണി’ വിളഞ്ഞു

അരീക്കോട്: ഒരുകൊല്ലംമുൻപ് പത്തുപേർ ചേർന്ന് ഒരേക്കർ വയൽവാങ്ങിയത് വാർത്തയായിരുന്നു. വർഷങ്ങളായി നെല്ല് വിളയുന്ന മണ്ണ് നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്കയിലായിരുന്നു പത്തംഗ സംഘം. എടവണ്ണ, പെരിന്തൽമണ്ണ പ്രദേശങ്ങളിലുള്ളവരാണ് കൂട്ടായ്മാ പേരിൽ വയൽഭൂമി രജിസ്റ്റർചെയ്ത്‌, പിന്നീടിവിടെ വിഷരഹിത നെൽക്കൃഷിചെയ്തത്‌ നൂറുമേനി കൊയ്തു.

വിദ്യാർഥികളും കൂട്ടായ്മാ അംഗങ്ങളും അതിഥിത്തൊഴിലാളികളും ഇറങ്ങി കൊയ്ത്ത് മേളയാക്കി. വിരമിച്ച രണ്ട് അധ്യാപികമാർ ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പത്തംഗ കൂട്ടായ്മയ്ക്ക് ശാഠ്യം ഒന്നേയുള്ളൂ. ലാഭമൊന്നും ഇല്ലെങ്കിലും ഈ മണ്ണിൽ പൊന്നുവിളഞ്ഞു നിൽക്കണമെന്ന്.

‘വയൽരക്ഷ’ എന്ന പേരിൽ എടവണ്ണ സ്വദേശിയും കാരക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ജീവനക്കാരനുമായ പി. ഫിറോസാണ് (വോയിസ്‌ ഫിറോസ്) വയൽരക്ഷയ്ക്ക് മുൻകൈ എടുത്തത്. വർഷങ്ങളായി ഫിറോസിന്റെ നേതൃത്വത്തിൽ ഇവിടെ വിഷരഹിത നെല്ലും വാഴ, പച്ചക്കറി കൃഷിയുമൊക്കെ ചെയ്തുവരുന്നു. എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിനടുത്താണ് ഇവർ കൃഷി നടത്തുന്നത്. വയലുകൾ നിലനിർത്താനുള്ള പരിശ്രമങ്ങളാണ് വയൽരക്ഷ കൂട്ടായ്മ എന്ന ആശയത്തിന് നിദാനമെന്ന് ഫിറോസ് പറഞ്ഞു.

കൊയ്ത്തുത്സവം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്‌ റുഖിയ ഷംസു ഉദ്ഘാടനംചെയ്തു. കാരക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സക്കീന, എടവണ്ണ കൃഷി അസിസ്റ്റന്റ് ജയപ്രകാശ് നിലമ്പൂർ തുടങ്ങിയവരും കാരക്കുന്ന് ഗവ. ഹയർസെക്കൻഡറി സ്കൂളിലേയും മഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലേയും എൻ.എസ്.എസ്. വിദ്യാർഥികളും പങ്കെടുത്തു.

Comments are closed.