അരീക്കോട് : ഗ്രാമീണമേഖലയിൽ പതിനായിരങ്ങൾക്ക് അത്താണിയാണ് തൊഴിലുറപ്പ് പദ്ധതി. ഉറപ്പുള്ള 100 തൊഴിൽ ദിനങ്ങൾ അവർക്ക് സമ്മാനിക്കുന്ന ആശ്വാസം ചെറുതല്ല. എന്നാൽ തൊഴിൽ ദിനങ്ങൾ ഇല്ലാതാക്കിയും ബജറ്റിൽ വിഹിതം വെട്ടിക്കുറച്ചും ആ കഞ്ഞിയിലും കല്ലുവാരിയിടുകയാണ് കേന്ദ്രസർക്കാർ. തൊഴിലുറപ്പിനോടും തൊഴിലിനോടുമുള്ള കേന്ദ്രസർക്കാരിന്റെ സമീപനം ഉറക്കംകെടുത്തുകയാണെന്ന് തൊഴിലാളികൾ പറയുന്നു.
100 ദിനം എന്നത് വെട്ടിച്ചുരുക്കാനും കാലക്രമേണ പദ്ധതിതന്നെ ഇല്ലാതാക്കാനുമുള്ള വ്യഗ്രതയിലാണ് മോദി സർക്കാർ. ‘‘രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ തൊഴിലെടുത്താൽ കിട്ടുന്നത് 311 രൂപയാണ്. വന്യമൃഗശല്യം കൂടിയ മലയോര മേഖലയിൽ ജോലി കഴിഞ്ഞ് വൈകി വീട്ടിലെത്തുന്നത് ആശങ്കയോടെയാണ്.’’ ഊർങ്ങാട്ടിരി ഈന്തുംപാലിയിലെ തൊഴിലുറപ്പ് തൊഴിലാളികൾ പറയുന്നു. ‘‘തൊഴിൽദിനം മുഴുവൻ കിട്ടിയാലും നിലവിലെ വരുമാനംകൊണ്ട് ഒന്നുമാവില്ല. ഇത് 500 രൂപയാക്കണമെന്നും ആഴ്‌ചയിൽ ഒരിക്കൽ തരണമെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയില്ല. മൂന്നോ നാലോ മാസം കൂടുമ്പോഴാണ് പലപ്പോഴും പണം ലഭിക്കുന്നത്.’’ അവരുടെ സങ്കടം അങ്ങിനെ തുടരുകയാണ്.
പദ്ധതിയോടുള്ള കേന്ദ്ര അവഗണന സാധാരണക്കാരായ നിരവധിപേരെയാണ് പ്രയാസത്തിലാക്കുന്നത്. 200 ദിവസംവരെ ജോലിചെയ്യാനുള്ള സാഹചര്യം എല്ലായിടത്തുമുണ്ട്. തൊഴിൽദിനം 150 എങ്കിലുമാക്കണമെന്ന ആവശ്യം ചെവിക്കൊള്ളാതെ നിലവിലുള്ളതുപോലും വെട്ടിക്കുറയ്‌ക്കുകയാണ്. ബജറ്റ് വിഹിതം കുറഞ്ഞതും കൂലികിട്ടാൻ വൈകിയതും തൊഴിലുറപ്പ് തൊഴിലാളികളുടെ എണ്ണം കുറയാനും ഇടയാക്കി. ആശങ്കയുള്ളതിനാൽ പലരും ജോലി വേണ്ടെന്നുവച്ചു. പുതിയ ആളുകൾ വരുന്നതും ഇല്ലാതാവുകയാണ്. കേന്ദ്രത്തിന്റെ അവഗണനയിലും ജീവിതത്തിൻറെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള കഠിനാധ്വാനത്തിലാണ് തൊഴിലാളികൾ. അതേസമയം ഊർങ്ങാട്ടിരി പഞ്ചായത്ത് പോലുള്ള മലയോര പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പഞ്ചായത്തുകളിലെ ഗോത്ര വർഗ്ഗക്കാരുടെ ഏരിയയിൽ വർഷം 200 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുന്നുണ്ട്. എന്നാൽ ട്രൈബൽ മേഖലയിലുള്ളവർക്കുള്ള 200 തൊഴിൽ ദിനങ്ങളിൽ 100 എണ്ണം സംസ്ഥാന സർക്കാരിന്റേതാണ്.
Comments are closed.