മലപ്പുറം: ജില്ലയിൽ 10,000 വനിതകൾ ഉൾപ്പെട്ട രക്തദാന സന്നദ്ധ സേന രൂപവത്കരിക്കാൻ കുടുംബശ്രീ. 18 മുതൽ 60 വയസ് വരെയുള്ള മുഴുവൻ സ്ത്രീകളെയും സന്നദ്ധ രക്തദാനത്തിൽ പങ്കാളിയാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന “പൾസ്” പദ്ധതിയുടെ ആദ്യഘട്ടത്തിൽ സി.ഡി.എസ്, എ.ഡി.എസുകൾ മുഖാന്തരം ഇതിനകം 6,000 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജൂണിനകം 10,000 പേരെ തികയ്ക്കും. സന്നദ്ധ സംഘടനകളുടെയും ബ്ലഡ് ബാങ്കുകളുടെയും സഹകരണത്തോടെ രക്തദാന ക്യാമ്പുകൾ നടത്തും.
അപൂർവ്വ രക്തഗ്രൂപ്പുകൾ പോലും വേഗത്തിൽ കണ്ടെത്താൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും വെബ് സൈറ്റും നിർമ്മിക്കും. സ്ത്രീകളുടെ കൂടി പങ്കാളിത്തം ഉറപ്പാക്കിയാലേ ജില്ലയിലെ ബ്ലഡ് ബാങ്കുകൾ നേരിടുന്ന രക്തത്തിന്റെ ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാനാവൂ എന്ന തിരിച്ചറിവിലാണ് കുടുംബശ്രീ ജില്ലാ മിഷൻ പൾസ് പദ്ധതി രൂപവത്കരിച്ചത്. ജില്ലയിൽ സന്നദ്ധ രക്തദാന രംഗത്ത് സ്ത്രീകളുടെ പ്രാതിനിധ്യം നാമമാത്രമാണ്. അവബോധക്കുറവും തെറ്റിദ്ധാരണയുമാണ് ഇതിന് കാരണമെന്ന തിരിച്ചറിവിൽ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടത്തുന്നുണ്ട്.
കുടുംബശ്രീയുടെ മുൻനിര പ്രവർത്തകരെ ഉൾപ്പെടുത്തി രക്തദാന ക്യാമ്പുകൾ നടത്തും. തൊഴിൽസഭ ഉൾപ്പെടെ കുടുംബശ്രീയുടെ വിവിധ പരിപാടികളിലും രക്തദാനത്തിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തും. ജില്ലയിൽ ആറ് ലക്ഷത്തോളം കുടുംബങ്ങൾ കുടുംബശ്രീയുടെ ഭാഗമാണ്. സർക്കാർ ആശുപത്രികളുടെ ബ്ലഡ് ബാങ്കുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ച് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കും. താത്പര്യമുള്ള വനിതകൾക്ക് ഗൂഗിൾ ഫോറം വഴിയും പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം.
കുടുംബശ്രീ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ പി.റൂബി രാജ്, സോഷ്യൽ ഡെവലപ്പ്മെന്റ് സ്പെഷലിസ്റ്റുമാരായ സനൻകുമാർ, ടി.വി.വിനു എന്നിവരാണ് പദ്ധതിക്ക് രൂപമേകിയത്. ആവശ്യമായ രക്തത്തിന്റെ നൂറ് ശതമാനവും സന്നദ്ധ രക്തദാനത്തിലൂടെയാണ് കണ്ടെത്തുന്നത്. പലപ്പോഴും രക്തത്തിന് ജില്ലയിൽ ക്ഷാമം നേരിടുന്നുണ്ട്. ജനസംഖ്യയുടെ 50 ശതമാനത്തിൽ അധികമുള്ള സ്ത്രീകളെ കൂടി രക്തദാന രംഗത്തേക്ക് കൊണ്ടുവന്നാലെ കുറവ് പരിഹരിക്കാനാവൂ. ജാഫർ കെ.കക്കൂത്ത്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ.
Comments are closed.