അരീക്കോട് : ഭാരത് മാല പദ്ധതിപ്രകാരം നിർമിക്കുന്ന നിർദിഷ്ട കോഴിക്കോട് -പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കായി ജില്ലയിൽ ഭൂമിയേറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം ഈമാസം അവസാനം ഇറങ്ങും.
45 മീറ്റർ വീതിയിൽ 53 കിലോമീറ്ററാണ് ജില്ലയിലൂടെ പാത കടന്നുപോകുന്നത്. ഇതിനായി പതിനഞ്ച് വില്ലേജുകളിൽനിന്ന് 239 ഹെക്ടർ ഭൂമി ഏറ്റെടുക്കും. ഭൂമിയുടെ ഫീൽഡ് സർവേ പൂർത്തിയായി. അന്തിമറിപ്പോർട്ട് അധികൃതർ ദേശീയപാതാ അതോറിറ്റിക്ക് കൈമാറി. ത്രീ ഡി വിജ്ഞാപനത്തിൽ ഭൂമിയുടെ സർവേ നമ്പറുകൾ, സബ് ഡിവിഷൻ, ഭൂവുടമകളുടെ പേര്, എത്ര സെന്റാണ് ഏറ്റെടുക്കുന്നത് തുടങ്ങിയ വിവരങ്ങൾ ഉണ്ടാകും. വാഴയൂർ, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതുവല്ലൂർ, കാവനൂർ, പെരകമണ്ണ, കാരക്കുന്ന്, എളങ്കൂർ, പോരൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, തുവ്വൂർ, എടപ്പറ്റ, കരുവാരക്കുണ്ട് വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുന്നത്.
അടുത്തമാസം ഭൂമിയേറ്റെടുക്കും
മാർച്ച് അവസാനത്തോടെ ഭൂമിയേറ്റെടുക്കൽ തുടങ്ങും. ഇതിനുമുൻപ് ഭൂവുടമകളുടെ ഹിയറിങ് നടത്തും. സ്ഥലം വിട്ടുനൽകുന്നതിനുള്ള രേഖകൾ ഹാജരാക്കുന്നവർക്ക് മാർച്ചിൽത്തന്നെ നഷ്ടപരിഹാരം നൽകും. രേഖകൾ സമർപ്പിക്കാത്തവർക്ക് രണ്ടുമാസം സമയം അനുവദിക്കും. എന്നിട്ടും സമർപ്പിക്കാത്തവർക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകും. പോയില്ലെങ്കിൽ കളക്ടറുടെ നേതൃത്വത്തിൽ ഒഴിപ്പിക്കും.
ഭൂമിയേറ്റെടുക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടം കണക്കാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 3400 കൈവശക്കാരിൽനിന്നാണ് ഭൂമി ഏറ്റെടുക്കേണ്ടത്. ഈ ഭൂമിയിൽ പൂർണതോതിലുള്ള 947 കെട്ടിടങ്ങളുണ്ട്. 1550 കൈവശങ്ങളിൽ മറ്റ് നിർമിതികളുമുണ്ട്.
35,991 മരങ്ങളും 1,99,088 കാർഷിക വിളകളും നഷ്ടമാകും. വിശദമായ റിപ്പോർട്ട് അതത് വകുപ്പുകൾക്ക് കൈമാറി. കാർഷികവിളകളുടെ നഷ്ടപരിഹാരം കൃഷിവകുപ്പും മരങ്ങളുടേത് വനംവകുപ്പും ഭൂമിയുടേത് റവന്യൂവകുപ്പും കെട്ടിടങ്ങളുടേത് പൊതുമരാമത്ത് വകുപ്പുമാണ് കണക്കാക്കുന്നത്. ഇവർ നിശ്ചയിക്കുന്ന വിലയുടെ ഇരട്ടിത്തുക നഷ്ടപരിഹാരമായി നൽകും.
നഷ്ടപരിഹാരം ഉറപ്പാക്കും
2013-ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും. നഷ്ടപരിഹാരത്തിന്റെ 75 ശതമാനം ദേശീയപാത അതോറിറ്റിയും 25 ശതമാനം സംസ്ഥാന സർക്കാരും വഹിക്കും. ഭൂമി, കെട്ടിടങ്ങൾ, മറ്റു നിർമിതികൾ, കാർഷിക വിളകൾ, മരങ്ങൾ എന്നിവയ്ക്ക് വെവ്വേറെയാകും നഷ്ടപരിഹാരം. മേഖലയിൽ കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ ഭൂമിയുടെ ഉയർന്ന വില കണക്കാക്കി ഇതിന്റെ അൻപത് ശതമാനം ഉയർത്തിയാകും നഷ്ടപരിഹാരം നൽകുക.
Comments are closed.