അരീക്കോട് വില്ലേജിലെ ഹിയറിംങ്ങ് മാർച്ച് 1,2,3 തിയ്യതികളിലും കാവനൂർ വില്ലേജിലെ ഹിയറിംങ്ങ് മാർച്ച് 9,10,13 തിയ്യതികളിലും മഞ്ചേരി ടൗൺ ഹാളിൽ വെച്ച് നടക്കും
അരീക്കോട്: ഭാരത്‌മാല പദ്ധതിപ്രകാരം നിർമിക്കുന്ന നിർദിഷ്‌ട കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതയുടെ ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഭൂവുടമകളുടെ ഹിയറിങ് (3ജി) മാർച്ച് ഒന്നുമുതൽ 14 വരെ നടക്കും. ഗ്രീൻഫീൽഡ് ദേശീയപാതയുടെ പുറത്തിറങ്ങിയ 3ഡി വിജ്ഞാപനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ജില്ലയിൽ 45 മീറ്റർ വീതിയിൽ 52 കിലോമീറ്റർ ദൂരത്തിൽ 238 ഹെക്ടർ ഭൂമിയാണ് പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയ്ക്ക് ഏറ്റെടുക്കേണ്ടത്. ഇതിലുൾപ്പെട്ട 212 ഹെക്ടർ ഭൂമിയുടെ 3ഡി വിജ്ഞാപനമാണ് ഇപ്പോൾ പുറത്തിറങ്ങിയത്.
ഏറ്റെടുക്കുന്ന ഭൂമിയിൽ വില്ലേജിലെ അടിസ്ഥാന നികുതിരജിസ്റ്ററിൽ രേഖപ്പെടുത്തിയ ആളുകളുടെ പേരുകളാണ് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. 3ജി(3) ഹിയറിങ്ങിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ ഭൂവുടമയെ കണ്ടെത്തുന്നത്. 45 മീറ്റർ വീതിയിൽ ഏറ്റെടുക്കുന്നതിൽ ഉൾപ്പെട്ടതും 3ഡി വിജ്ഞാപനത്തിൽ ഉൾപ്പെടാത്തതുമായ ഭൂമിയെ സംബന്ധിച്ച് 3എ വിജ്ഞാപനം ഒരാഴ്‌ചയ്ക്കുള്ളിലും ഇതിന്റെ 3ഡി വിജ്ഞാപനം ഒരുമാസത്തിനുള്ളിലും പുറത്തിറങ്ങും.
ഇപ്പോൾ പുറത്തിറങ്ങിയ 3ഡി വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഭൂമിയെ സംബന്ധിച്ച് 3ജി(3) വിചാരണ മാർച്ച് ഒന്നുമുതൽ 14 വരെ മഞ്ചേരി ടൗൺഹാളിൽ നടക്കും. 3ഡി വിജ്ഞാപനം പുറപ്പെടുവിച്ച ഭൂമിയിൽ ഉൾപ്പെടുന്ന ഭൂവുടമസ്ഥർ, വ്യാപാരികൾ അതത് ദിവസങ്ങളിലും സമയങ്ങളിലും അതോറിറ്റിക്ക് മുൻപാകെ രേഖകൾ സഹിതം ഹാജരായി ഏറ്റെടുക്കുന്ന ഭൂമിയിലുള്ള അവകാശവാദം തെളിയിക്കണം.
മാർച്ച് പകുതിയോടെ വിചാരണ പൂർത്തീകരിച്ച് ഭൂമിയുടെ നഷ്‌ടപരിഹാരം സംബന്ധിച്ച ഫണ്ടിനുള്ള നിർദേശം സമർപ്പിക്കുന്നതിനാണ് ഇപ്പോൾ പദ്ധതിയുള്ളത്. മാർച്ച് 31-നകം ഡെപ്യൂട്ടി കളക്ടറുടെ അക്കൗണ്ടിൽ തുക ലഭ്യമാകും. ഫണ്ട് എത്തിയാലുടൻ ഒഴിഞ്ഞുപോകുന്നതിനുള്ള 3ഇ(1) നോട്ടീസ് നൽകും. അതോടൊപ്പം ഓരോരുത്തരുടെയും നഷ്‌ടപരിഹാരം സംബന്ധിച്ച ഉത്തരവും നൽകും. നോട്ടീസ് ലഭിച്ചതിനുശേഷം രണ്ടുമാസത്തിനകം ഭൂമിയിൽനിന്നും കെട്ടിടങ്ങളിൽനിന്നും ഒഴിഞ്ഞുപോകണം.
ഭൂമി വിട്ടൊഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ നഷ്‌ടപരിഹാരം ബന്ധപ്പെട്ട ഉടമസ്ഥരുടെയും കച്ചവടക്കാരുടെയും ബാങ്ക് അക്കൗണ്ടിൽ എത്തും. ഏറ്റെടുക്കുന്ന ഭൂമിയിൽ അവകാശത്തർക്കമുള്ളവയുടെയും മുഴുവൻ രേഖകളും സമർപ്പിക്കാത്തവരുടെയും നഷ്‌ടപരിഹാരം കോടതിയിൽ കെട്ടിവെച്ച് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കും.
അരീക്കോട് വില്ലേജിലെ 3ജി വിചാരണ മാർച്ച് 1,2,3 തീയതികളിലും മുതുവല്ലൂർ വില്ലേജിലേത് മാർച്ച് 3,6,8 തീയതികളിലും ചീക്കോട് വില്ലേജിലേത് മാർച്ച് 8,9 തീയതികളിലും വാഴയൂർ വില്ലേജിലേത് മാർച്ച് 9,10 തീയതികളിലും വാഴക്കാട് വില്ലേജിലേത് മാർച്ച് 10,13,14 തീയതികളിലും എളങ്കൂർ വില്ലേജിലേത് മാർച്ച് 1,2,3 തീയതികളിലും കാരക്കുന്ന് വില്ലേജിലേത് മാർച്ച് 3,6,8,9 തീയതികളിലും കാവനൂർ വില്ലേജിലേത് മാർച്ച് 9,10,13 തീയതികളിലും പെരകമണ്ണ വില്ലേജിലേത് മാർച്ച് 13,14 തീയതികളിലും പോരൂർ വില്ലേജിലേത് മാർച്ച് 1 തീയതിലും ചെമ്പ്രശ്ശേരി വില്ലേജിലേത് മാർച്ച് 2,3 തീയതികളിലും വെട്ടിക്കാട്ടിരി വില്ലേജിലേത് മാർച്ച് 6 തീയതിലും എടപ്പറ്റ വില്ലേജിലേത് മാർച്ച് 8 തീയതികളിലും കരുവാരക്കുണ്ട് വില്ലേജിലേത് മാർച്ച് 8,9 തീയതികളിലും തുവ്വൂർ വില്ലേജിലേത് മാർച്ച് 10, 13, 14 തീയതികളിലും നടക്കുന്നതാണ്.
Comments are closed.