ദുബായിൽ നിന്ന് ഒരു കോടിയുടെ സ്വർണം പൂശിയ ഷർട്ടും പാൻ്റും ധരിച്ചെത്തി, എയർപോർട്ടിൽ രക്ഷപ്പെട്ടു; പക്ഷേ പിടിവീണു
കോഴിക്കോട്: ദുബായില്‍ നിന്നും സ്വര്‍ണ്ണം പൂശിയ പാന്‍റും ഷര്‍ട്ടും ധരിച്ചെത്തിയ യാത്രക്കാരന്‍ പിടിയിലായി. കരിപ്പൂര്‍ എയര്‍പോര്‍ട്ടിൽ നിന്ന് പരിശോധന വെട്ടിച്ച് പുറത്തുകണ്ടെന്നെങ്കിലും ഇയാൽ പൊലീസിന്‍റെ പിടിയിലാകുകയായിരുന്നു. വസ്ത്രത്തില്‍ ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണ മിശ്രിതം തേച്ചുപിടിപ്പിച്ചു കൊണ്ട് വന്ന വടകര സ്വദേശി മുഹമ്മദ് സഫുവാനാണ് പൊലീസിന്‍റെ പിടിയിലായത്.
ദുബായില്‍ നിന്നുള്ള വിമാനത്തില്‍ രാവിലെ എട്ടരയോടെയാണ് മുഹമ്മദ് സഫ്വാന്‍ കരിപ്പൂരില്‍ എത്തിയത്. ധരിച്ചിരുന്ന പാന്‍റിലും ബനിയനിലും ഉള്‍ഭാഗത്ത് സ്വര്‍ണ്ണമിശ്രിതം തേച്ചുപിടിപ്പിച്ച് കൊണ്ടുവന്ന മുഹമ്മദ് സഫുവാന്‍ കസ്റ്റംസ് പരിശോധന വെട്ടിച്ച് പുറത്തിറങ്ങിയിരുന്നു. എന്നാൽ കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പുറത്ത് വച്ച് ഇയാൾക്ക് പിടിവീഴുകയായിരുന്നു. സ്വർണവുമായി ഇയാള്‍ വരുന്നതിനെ കുറിച്ച് രഹസ്യവിവരം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരനായ മുഹമ്മദ് സഫുവാൻ പിടിയിലായത്. വിദഗ്ദമായി സ്വര്‍ണ മിശ്രിതം വസ്ത്രത്തിൽ പൂശി കൊണ്ടുവന്നെങ്കിലും പൊലീസിന്‍റെ പരിശോധനയിൽ ഇയാൾ പിടിക്കപ്പെടുകയായിരുന്നു.
ഇയാളിൽ നിന്ന് പിടിച്ചെടുത്ത സ്വര്‍ണ മിശ്രിതം തേച്ചു പിടിപ്പിച്ച വസ്ത്രഭാഗങ്ങള്‍ തൂക്കി നോക്കിയപ്പോൾ 2.205 കിലോയാണ് ഇതിന്‍റെ ഭാരം എന്ന് വ്യക്തമായി. ഇതില്‍ നിന്നും 1.750 തൂക്കമുള്ള സ്വര്‍ണ മിശ്രിതമാണ് വേര്‍തിരിച്ചെടുത്തത്. ഇതിനാകട്ടെ ആഭ്യന്തര വിപണിയില്‍ മൊത്തം മൂല്യം ഒരു കോടിയോളം രൂപ വിലവരുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം കരിപ്പൂർ എയര്‍പോർട്ട് വഴിയുള്ള സ്വർണക്കടത്ത് വലിയ തോതിൽ കൂടുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പലപ്പോഴും എയർപോർട്ടിനകത്തെ കസ്റ്റംസ് പരിശോധന വെട്ടിച്ച് കടത്തുകാർ പുറത്തുകടക്കാറുണ്ട്. അത്തരക്കാരിൽ പലരും പൊലീസിന്‍റെ പിടിയിലാണ് അകപ്പെടാറുള്ളത്. ഈ വര്‍ഷം മാത്രം കരിപ്പൂര്‍ എയര്‍പോർട്ടിന് പുറത്ത് വെച്ച് പൊലീസ് നിരവധിപേരെയാണ് പിടികൂടിയിട്ടുള്ളത്. ഈ വർഷം മാത്രം ഇത്തരത്തിൽ 12 പേരെയാണ് പൊലീസ് പിടികൂടിയിട്ടുള്ളത്.
Comments are closed.