വാർഷിക പദ്ധതിയിൽ ഏറെ പിന്നിൽ: 35 ദിവസം ; ചെലവഴിക്കേണ്ടത് 458 കോടി രൂപ !

മലപ്പുറം: വെറും 35 ദിവസത്തിനിടെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് ചെലവഴിക്കാനുള്ളത് 458 കോടി രൂപ. സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ എത്തിയിട്ടും ബഡ്ജറ്റിൽ വകയിരുത്തിയ 823.02 കോടിയിൽ ഇന്നലെ വരെ ചെലവഴിച്ചത് 373.75 കോടി രൂപ മാത്രമാണ്. 45.42 ശതമാനം.വിവിധ വികസന പദ്ധതികൾക്കുള്ള പകുതിയിലധികം തുക ചെലവഴിക്കാൻ ബാക്കിനിൽക്കുകയാണ്. ഒരുമാസം കൊണ്ട് ഈ തുക ചെലവഴിക്കൽ അപ്രായോഗികമാണ്. പദ്ധതി തുക ചെലവഴിക്കലിൽ സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്താണ് മലപ്പുറം. മുന്നിൽ ആലപ്പുഴയാണ്. ഇവിടെ 48.78 ശതമാനം തുക ചെലവഴിച്ചു. തൊട്ടുപിന്നിൽ കൊല്ലം, തൃശൂർ, വയനാട് ജില്ലകളുണ്ട്. കഴിഞ്ഞ വർഷം ഇതേസമയം 60 ശതമാനത്തിന് മുകളിൽ തുക ചെലവഴിച്ചിരുന്നു.

പദ്ധതി തുക നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ വിവിധ വകുപ്പുകളിൽ നിന്ന് ധനവകുപ്പിലേക്ക് ബില്ലുകൾ കൂട്ടമായി എത്തുന്നുണ്ട്. ബില്ലുകൾ പാസാക്കി പണം പിന്നീട് നൽകാൻ ക്യൂവിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മൂലം ട്രഷറികളിൽ ബില്ലുകൾ പാസാവുന്നില്ലെന്ന് തദ്ദേശ ഭരണ സമിതികൾ പറയുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ സമീപകാലത്തെ ഏറ്റവും കുറവ് വാർഷിക പദ്ധതി വിനിയോഗമാവും ഈ സാമ്പത്തിക വർഷത്തേത്.

ജനറൽ പദ്ധതികൾക്കായി വകയിരുത്തിയ 443.44 കോടിയിൽ 229.55 കോടി ചെലവിട്ട് 51.77 ശതമാനമെന്ന നേട്ടം ജില്ല കൈവരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൊല്ലം ജില്ല മാത്രമാണ് മലപ്പുറത്തിന് മുന്നിലുള്ളത്. എസ്.സി പദ്ധതികൾക്കുള്ള 136.74 കോടിയിൽ 62.27 കോടിയും ചെലവഴിച്ചു. 45.54 ശതമാനമാണിത്. ട്രൈബൽ പദ്ധതികൾക്കുള്ള 9.53 കോടിയിൽ 3.82 കോടി വിനിയോഗിച്ചു.

വാർഷിക പദ്ധതി വിനിയോഗത്തിൽ ജില്ലയിൽ വേങ്ങര ഗ്രാമപഞ്ചായത്താണ് മുന്നിലുള്ളത്. 67.83 ശതമാനം തുകയും ചെലവഴിച്ചു. കാലടി – 66.95 %, എടക്കര – 65.16 , മക്കരപ്പറമ്പ് – 63.78, ആനക്കയം – 62.68, തെന്നല – 62.45, ചെറിയമുണ്ടം – 61.76, ഊരകം – 61.61, വെളിയങ്കോട് – 61.05, പുലാമന്തോൾ – 60.74 എന്നിങ്ങനെയാണ് 60 ശതമാനം തുക ചെലവഴിച്ച പഞ്ചായത്തുകൾ. മുനിസിപ്പാലിറ്റികളിൽ കോട്ടയ്ക്കൽ മാത്രമാണ് ഈ പരിധിയിൽ വരുന്നത്. 60.19 %. വളാഞ്ചേരി – 56.34 , പൊന്നാനി – 50.41 , തിരൂർ – 48.7, മഞ്ചേരി – 47.81, പെരിന്തൽമണ്ണ – 47.25, താനൂർ – 43.68, തിരൂരങ്ങാടി – 41.24 , നിലമ്പൂർ – 38.64, കൊണ്ടോട്ടി – 32.97, മലപ്പുറം- 46.87 ശതമാനം എന്നിങ്ങനെയും. മലപ്പുറം ജില്ലാ പഞ്ചായത്ത് ഏറെ പിന്നിലാണ്. ബഡ്ജറ്റിൽ 100.36 കോടി രൂപ വകയിരുത്തിയപ്പോൾ ഇതുവരെ ചെലവിട്ടത് 38.95 കോടി രൂപ മാത്രം. പട്ടികജാതി,പട്ടിക വർഗ പദ്ധതികൾക്കുള്ള തുക 30 ശതമാനമേ ചെലവിട്ടിട്ടുള്ളൂ.

Comments are closed.