മലപ്പുറം: കാലാവസ്ഥ മാറ്റത്തിന് പിന്നാലെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കടുത്ത ചുമയും തൊണ്ടവേദനയോട് കൂടിയ പനിയും ജില്ലയിൽ പടരുന്നു. ഒരാഴ്ചയ്ക്കിടെ 7,896 പേർ സർക്കാർ ആശുപത്രികളിൽ മാത്രം പനി ബാധിച്ച് ചികിത്സ തേടി. 45 പേരെ അഡ്‌മിറ്റ് ചെയ്തു.
രാവിലത്തെ തണുപ്പും മഞ്ഞും പിന്നാലെ കടുത്ത ചൂട് കാലാവസ്ഥയും രോഗവ്യാപനത്തിന് വഴിയൊരുക്കുന്നു. മുതിർന്നവരെയും കുട്ടികളെയും പനി ഒരുപോലെ വലയ്ക്കുന്നുണ്ട്. കൊവിഡിന് സമാനമായ ലക്ഷണങ്ങൾ രോഗികളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
റിപ്പോർട്ട് ചെയ്യുന്നത് വൈറൽ പനിയാണെന്നും കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും രോഗം സുഖപ്പെടുമെന്നും മറ്റു ആശങ്കകൾ വേണ്ടെന്നും ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. കുട്ടികളിൽ പനി ഭേദമായാലും ഒന്നിലധികം തവണ വീണ്ടും ബാധിക്കുന്നതും വിട്ടുമാറാത്ത ചുമയും ക്ഷീണവും രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്.
തുടക്കത്തിൽ തൊണ്ടവേദനയ്ക്കും ചുമയ്ക്കും ചികിത്സ തേടിയാണ് കൂടുതൽ പേരുമെത്തുന്നത്. പിന്നാലെ ഒരാഴ്ചയോളം നീളുന്ന പനിയും പിടികൂടും. പ്രായമായവരെയും കുട്ടികളെയുമാണ് പനി കൂടുതലായും തളർത്തുന്നത്. ഈ പ്രായക്കാരെ അഡ്മിറ്റ് ചെയ്യാൻ പലപ്പോഴും നിർദ്ദേശിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ അടക്കം പനി ബാധിച്ചുള്ള അഡ്മിറ്റ് രോഗികളുടെ എണ്ണം വലിയതോതിൽ കൂടിയിട്ടുണ്ട്. രോഗം ആർക്കും ഗുരുതരമാവുന്നില്ലെന്നതാണ് ആശ്വാസം. രോഗം പടരുമ്പോഴും കൃത്യസമയത്ത് ചികിത്സ തേടാൻ പലരും മടിക്കുന്നത് കഫക്കെട്ട് അടക്കമുള്ള പ്രശ്നങ്ങൾ കൂടാൻ കാരണമാകുന്നുണ്ട്. രണ്ട് ദിവസത്തിലധികം നീണ്ടുനിൽക്കുന്ന പനി ശ്രദ്ധിക്കേണ്ടതാണെന്നും സ്വയംചികിത്സയ്ക്ക് മുതിരാതെ ഡോക്ടറെ സമീപിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പേകുന്നു.
ഒരാഴ്ചക്കിടെ നാല് ഡെങ്കിപ്പനിയും ജില്ലയിൽ സ്ഥിരീകരിച്ചു. പൊന്മള, മേലാറ്റൂർ, ഇരുമ്പിളിയം, ഒതുക്കുങ്ങൽ എന്നിവിടങ്ങളിലാണിത്. നന്നമ്പ്ര, ചെറുകാവ് എന്നിവിടങ്ങളിൽ എലിപ്പനിയും സ്ഥിരീകരിച്ചു.
Comments are closed.