തിരുവനന്തപുരം: ഭൂമി തുരക്കുന്നതിനുള്ള റിഗ്ഗുകൾ കാലപ്പഴക്കത്താൽ പ്രവർത്തനരഹിതമായതും ആവശ്യത്തിന് പൈപ്പുകളുമില്ലാത്തും കാരണം കുടിവെള്ള- കാർഷിക ആവശ്യങ്ങൾക്ക് കുഴൽക്കിണർ നിർമ്മിച്ചു നൽകാനാവാതെ സംസ്ഥാന ഭൂജല വകുപ്പിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. വേനൽ കടുത്തതോടെ കുഴൽക്കിണർ നിർമ്മാണത്തിനുള്ള അപേക്ഷകളുടെ എണ്ണം കൂടിവരുമ്പോഴാണിത്. 134 അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. അറ്റകുറ്റപ്പണിക്കുള്ള അപേക്ഷകളിലും തീരുമാനമെടുക്കാനാവുന്നില്ല.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയാണ് വകുപ്പിന്റെ പ്രവർത്തനത്തെയും ബാധിച്ചതെന്നാണ് സൂചന. ഇത് മുതലെടുത്ത് സ്വകാര്യ കുഴൽക്കിണർ നിർമ്മാതാക്കൾ ആവശ്യക്കാരെ ചൂഷണം ചെയ്യുകയാണ്. ബോർവെല്ലിൽ താഴ്ത്തുന്നതിനുള്ള പി.വി.സി പൈപ്പുകളും ട്യൂബ് വെല്ലുകൾക്കുള്ള യു.പി.വി.സി പൈപ്പുകളും സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ മൂന്നുവർഷമായി വകുപ്പ് പർച്ചേസ് ചെയ്യുന്നില്ല. ഫിൽട്ടർ പോയിന്റുകൾക്ക് ആവശ്യക്കാർതന്നെ പൈപ്പ് വാങ്ങിനൽകേണ്ട സ്ഥിതിയാണ്.
പാറപ്രദേശങ്ങളിൽ ഭൂമി തുരക്കുന്നതിനുള്ള 21 ഡി.ടി.എച്ച് റിഗ്ഗുകളിൽ പതിനഞ്ചും തകരാറിലാണ്. പത്ത് റോട്ടറി റിഗ്ഗുകളിൽ അരഡസനിലധികം പ്രവർത്തനക്ഷമമാണെങ്കിലും ഇതിനാവശ്യമായ പൈപ്പുകളില്ല. പാറയും ചെളിയുമുള്ള സ്ഥലങ്ങളിൽ കൂറ്റൻ ലോറികളിൽ ഘടിപ്പിച്ചിരിക്കുന്ന റിഗ്ഗുകൾ ഉപയോഗിച്ച് ദിവസങ്ങളെടുത്താണ് കുഴൽക്കിണർ നിർമ്മിക്കുന്നത്. ഈ വാഹനങ്ങൾ പലതും പതിനഞ്ച് വർഷം പിന്നിട്ടവയായതിനാൽ ഇടയ്ക്കിടെ തകരാറിലാകുന്നതും പ്രതിസന്ധിയാണ്.
കൃഷിക്കും കുടിവെള്ളത്തിനും സബ്സിഡി നിരക്കിലാണ് കുഴൽക്കിണറുകൾ വകുപ്പ് നിർമ്മിച്ച് നൽകുന്നത്. അതിനാൽ അപേക്ഷകരുടെ എണ്ണം കൂടുതലാണ്. മുപ്പത് സെന്റ് മുതൽ അഞ്ച് ഏക്കർവരെയുള്ള കർഷകർ കൃഷി ഓഫീസിൽനിന്ന് ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റ് ലഭ്യമാക്കിയാൽ 50 ശതമാനം സബ്സിഡി ലഭിക്കും. കിണർ കുത്തി വെള്ളം ലഭിച്ചില്ലെങ്കിൽ തുക റീഫണ്ട് ചെയ്യും.
Comments are closed.