തിരുവനന്തപുരം: വ്യവസായ മേഖലയിൽ കൂടുതൽ നിക്ഷേപവും തൊഴിലവസരങ്ങളും കൊണ്ടുവരുന്നതിന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ വർഷം സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങും. അഞ്ചു ജില്ലകളിലായി ഇതിൽ എട്ട് പാർക്കുകൾക്ക് അനുമതി നൽകി.പത്തനംതിട്ട ( ചിറ്റാർ, അടൂർ), കോട്ടയം (മൂന്നിലവ്, മീനച്ചിൽ,കാഞ്ഞിരപ്പള്ളി), പാലക്കാട് (അമ്പലപ്പാറ), മലപ്പുറം(തിരൂർ), കണ്ണൂർ(പരിയാരം).350 കോടിയോളം രൂപയുടെ നിക്ഷേപവും 4500 ഓളം തൊഴിലവസരങ്ങളുമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ആദ്യ പാർക്ക് പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്തു.
കൃഷി അധിഷ്ഠിത വ്യവസായം , ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷ്യസംസ്കരണം, കയർ, റബർ ഉത്പന്നങ്ങൾ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സംരംഭങ്ങളാണ് ആദ്യ ഘട്ടത്തിൽ .. പ്രവാസികളടക്കമുള്ളവരുടെ സ്ഥലവും നിക്ഷേപവും വ്യവസായത്തിന് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ച പദ്ധതി ഈ സർക്കാർ വന്ന ശേഷമാണ് പ്രാവർത്തികമായത്. പത്ത് ഏക്കറോ അതിലധികമോ ഭൂമിയുള്ള ചെറുകിട സംരംഭക കൂട്ടായ്മകൾ, സഹകരണ സ്ഥാപനങ്ങൾ , ചാരിറ്റബിൾ സൊസൈറ്റികൾ എന്നിവർക്ക് അപേക്ഷിക്കാം.
വ്യവസായ വാണിജ്യ ഡയറക്ടർക്ക് അപേക്ഷ നൽകണം. വ്യവസായ, റവന്യു, ധനകാര്യ വകുപ്പ് സെക്രട്ടറിതല ഉന്നത സമിതി പരിശോധിച്ച് ഡെവലപ്പർ പെർമിറ്ര് നൽകും. ഏകജാലക സംവിധാനം വഴി എല്ലാ അനുമതികളും ലഭ്യമാവും.
വൈദ്യുതി , വെള്ളം, ഗതാഗത സൗകര്യം, ഡ്രെയിനേജ്, മാലിന്യസംസ്കരണം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾക്ക് ഒരു ഏക്കർ ഭൂമിക്ക് 30 ലക്ഷം രൂപ ക്രമത്തിൽ മൂന്ന് കോടി രൂപ വരെ ധനസഹായം നൽകും.
Comments are closed.