സേവനം നൽകുന്നതിൽ കാലതാമസം വരുത്തിയാൽ ഉദ്യോഗസ്ഥന് പിഴ; വ്യവസായ വകുപ്പിന്റെ പരാതി പരിഹാര പോർട്ടൽ ആരംഭിച്ചു

തിരുവനന്തപുരം: വ്യവസായ വകുപ്പിന്റെ പരാതി പരിഹാര പോർട്ടൽ ആരംഭിച്ചു. വ്യവസായ സംരംഭകരുടെ പരാതികളിൽ 30 ദിവസത്തിനുള്ളിൽ പരിഹാരം കാണാനാകും. പോർട്ടൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. 

10 കോടി രൂപ വരെ നിക്ഷേപമുളള സംരംഭവുമായി ബന്ധപ്പെട്ട പരാതി കളക്ടർ അധ്യക്ഷനായ ജില്ലാതല സമിതി പരിശോധിക്കും. 10 കോടിക്ക് മുകളിൽ നിക്ഷേപമുള്ള സംരംഭങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സംസ്ഥാന സമിതി പരിശോധിക്കും. സംസ്ഥാന സമിതിയിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയാണ് അധ്യക്ഷൻ. വ്യവസായ വാണിജ്യ ഡയറക്ടർ കൺവീനറാണ്.

പരാതിയുടെ വിചാരണ വേളയിൽ ജില്ലാ, സംസ്ഥാന സമിതികൾക്ക് സിവിൽ കോടതിക്ക് തുല്യമായ അധികാരം ഉണ്ടാകും. സേവനം നൽകേണ്ട ഉദ്യോഗസ്ഥൻ മതിയായ കാരണം കൂടാതെ കാലതാമസമോ വീഴ്ചയോ വരുത്തിയാൽ പിഴ ചുമത്താനും വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യാനും ഈ സമിതികൾക്ക് അധികാരമുണ്ട്. പരിഹാരം നിർദേശിച്ച ശേഷം 15 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒരു ദിവസത്തിന് 250 രൂപ എന്ന നിലയിൽ പിഴ ഒടുക്കണം. പരമാവധി 10,000 രൂപവരെ ഇത്തരത്തിൽ പിഴ ഈടാക്കാനാകും. 17 വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിലാണ് ഇത്തരത്തിൽ പരിഹാരം ഉണ്ടാവുക.

Comments are closed.