മലപ്പുറം: രണ്ടു പതിറ്റാണ്ടോളം ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനെ ആത്മീയവും രാഷ്ട്രീയവുമായ പന്ഥാവിലൂടെ നയിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓർമയായിട്ട് തിങ്കളാഴ്ച ഒരാണ്ട്. മുസ്‌ലിംലീഗ് അതിന്റെ ജൈത്രയാത്രയുടെ 75 വർഷം പൂർത്തിയാക്കുമ്പോൾ അതിന് സാക്ഷിയവാൻ തങ്ങളില്ലെന്ന വേദന ഓരോ പ്രവർത്തകനും പങ്കുവെയ്ക്കുന്നു. അറബ് മാസപ്രകാരം കഴിഞ്ഞ മാസം 23-ന് ആയിരുന്നു ആ ദിനം. അന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ജ്യേഷ്ഠനെ അനുസ്മരിച്ച് സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. അദ്ദേഹത്തിന്റെ ഖബറിടം സന്ദർശിച്ച് പ്രാർഥന നടത്തുകയും ചെയ്തു.
സംഘടന ഏറെ നിർണായകമായ ഘട്ടങ്ങളിലൂടെ കടന്നുപോയ രണ്ട് പതിറ്റാണ്ടുകാലമാണ് ഹൈദരലി തങ്ങൾ നേതൃസ്ഥാനത്തുണ്ടായത്. ജ്യേഷ്ഠൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെ തുടർന്ന് 2009 ഓഗസ്റ്റിലാണ് അദ്ദേഹം സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. ലീഗ് ഉന്നതാധികാര സമിതി അംഗം, രാഷ്ട്രീയകാര്യ സമിതി ചെയർമാൻ, സമസ്തകേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ്, സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിരുന്നു.
കേരളത്തിലെ ആയിരത്തിലേറെ മഹല്ലുകളുടെ ഖാസിയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ മഹല്ലുകളുടെ ഖാസിയായിരുന്നതും അദ്ദേഹംതന്നെ. അധ്യാപകനാവണമെന്ന മോഹം നിറവേറിയില്ലെങ്കിലും ഒരു സമുദായത്തിന്റെ മുഴുവൻ ഗുരുവായി തങ്ങൾ. പട്ടിക്കാട് ജാമി അ നൂരിയ, ചെമ്മാട് ദുറുൽഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, പൊന്നാനി മൗനത്തുൽ ഇസ്‌ലാം കോളേജ് തുടങ്ങി ഒട്ടേറേ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരത്ത് അദ്ദേഹമുണ്ടായിരുന്നു.
Comments are closed.