മലപ്പുറം: വേനൽ കടുത്തതോടെ ജില്ലയിൽ തീപിടിത്തം വർദ്ധിക്കുന്നു. കഴിഞ്ഞ മാസം 180 ഇടങ്ങളിൽ തീപിടിത്തമുണ്ടായി. ഓരോ ഫയർസ്റ്റേഷനുകളിലും ഒരുദിവസം രണ്ട് തീപിടിത്തമെങ്കിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചപ്പുചവറുകൾ അലക്ഷ്യമായി കൂട്ടിയിട്ട് കത്തിക്കുന്നതും സിഗരറ്റ് കുറ്റിയും അണയാത്ത തീക്കൊള്ളിയും അലക്ഷ്യമായി വലിച്ചെറിയുന്നതുമാണ് തീപിടിത്തം ഉണ്ടാകാനുള്ള പ്രധാന കാരണം. ഉണങ്ങിയിരിക്കുന്ന പുല്ലുകളിലേക്ക് ചെറിയ തീപ്പൊരി വീണാൽ, ചെറിയ കാറ്റ് വീശിയാൽ പോലും പടർന്ന് പിടിക്കും. റോഡിനരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വരണ്ട കാലാവസ്ഥയിൽ വലിയ ദുരന്തത്തിലേക്ക് നയിക്കാനിടയുണ്ടെന്ന് അഗ്നിശമന സേന മുന്നറിയിപ്പേകുന്നു.
ക്രമാതീതമായ ചൂടും മഴ ദൗർലഭ്യവും തീപിടിത്തം വർദ്ധിക്കാൻ കാരണമാണ്. വേനൽ കടുത്തതോടെ ജില്ലയിൽ ജലസ്രോതസസ്സുകൾ വറ്റുന്നത് ഫയർഫോഴ്സിന് മുന്നിലെ മറ്റൊരു വെല്ലുവിളിയാണ്. തീയണയ്ക്കാൻ വലിയതോതിൽ വെള്ളം ആവശ്യമായി വരുമെന്നതിനാൽ ഫയർ സ്റ്റേഷന് അടുത്തുള്ള ജലാശയങ്ങളെയാണ് ആശ്രയിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോട് കൂടിയ 12,000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന വാട്ടർ ബൗസർ വാഹനമാണ് തീണയക്കാനായി ഫയർഫോഴ്സ് കൂടുതലായും ഉപയോഗിക്കുന്നത്.
റിമോർട്ട് കൺട്രോൾ ഉപയോഗിച്ച് വലിയ ഉയരങ്ങളിലേക്കും ഏത് ദിശയിലേക്കും വെള്ളം പമ്പ് ചെയ്യാം. വെള്ളത്തിന്റെ സംഭരണശേഷി കൂടുതലായതിനാൽ തീ നിയന്ത്രിക്കാൻ എളുപ്പമാണെങ്കിലും വലിപ്പം കൂടുതലായതിനാൽ ഉൾപ്രദേശങ്ങളിൽ തീ പടരുമ്പോൾ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കാരണം ചെറുവാഹനമായ വാട്ടർ ടെൻഡർ ഉപയോഗിക്കേണ്ടിയും വരാറുണ്ട്. വാട്ടർ ടെൻഡറിൽ 4,000 ലിറ്റർ വെള്ളമാണ് സംഭരണശേഷി. അഗ്നിശമന സേനയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും സിവിൽ ഡിഫൻസിന്റെ സേവനമാണ് ആശ്വാസം. മലപ്പുറം ഫയർ സ്റ്റേഷനിൽ 10 ഫയർ എൻജിൻ ഉണ്ടെങ്കിലും ആറ് ഡ്രൈവർമാരേ ഉള്ളൂ.
തീപിടിത്തം ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്
- വീണ് കിടക്കുന്ന ഇലകളും അവശിഷ്ടങ്ങളും കൂട്ടിയിട്ട് കത്തിക്കുന്നത് ഒഴിവാക്കുക. കത്തിക്കുന്നുണ്ടെങ്കിൽ ഫയർ ബ്രേക്കുകൾ ഒരുക്കുക
- ചപ്പുചവറുകൾ കത്തിച്ച ശേഷം തീ പൂർണ്ണമായും അണഞ്ഞെന്ന് ഉറപ്പ് വരുത്തുക
- ചൂടുള്ള കാലാവസ്ഥയിലും ഉച്ച സമയത്തും കാറ്റുള്ളപ്പോഴും തുറന്ന സ്ഥലങ്ങളിൽ വച്ച് കത്തിക്കാതിരിക്കുക
- കൃഷിയില്ലാത്ത പാടശേഖരങ്ങളുടെ വരമ്പുകളിൽ താമസിക്കുന്നവർ ചുരുങ്ങിയത് അഞ്ച് മീറ്റർ വരമ്പിലെ കാടെങ്കിലും നീക്കം ചെയ്യുക
- റബർ തോട്ടങ്ങളിൽ തീയിടരുത്
- തീ പടർന്ന് പിടിക്കാവുന്ന ഉയരത്തിലുള്ള മരങ്ങൾക്ക് ചുവട്ടിൽ കത്തിക്കാതിരിക്കുക
- കെട്ടിടങ്ങൾക്കിടയിൽ തീ പടരാൻ സാദ്ധ്യതയുണ്ടെങ്കിൽ ഇന്ധനമോ ഗ്യാസ് സിലിണ്ടറോ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യുക
- കാട്ടുതീ വ്യാപിക്കാനുള്ള സാദ്ധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പുലർത്തുക
- വേനൽക്കാലത്ത് മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ ശേഖരണ-നിക്ഷേപ കേന്ദ്രങ്ങളിൽ തീപിടിത്തമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ഫയർ ഓഡിറ്റ് നടത്തി സുരക്ഷാ മുൻകരുതലുകൾ എടുക്കുക.
- അഗ്നിശമന സേനയെ വിളിക്കുമ്പോൾ കൃത്യമായ സ്ഥല വിവരവും ഫോൺ നമ്പറും നൽകുക.
Comments are closed.