കാവനൂർ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ആരോഗ്യ സമൃദ്ധി പദ്ധതിയുമായി കാവനൂർ ഗ്രാമ പഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും ശ്രദ്ധേയമായ പരിപാടികൾ സംഘടിപ്പിക്കുന്നു. പരിപാടിയുടെ പ്രചാരണാർത്ഥം ആരോഗ്യവകുപ്പ് ജീവനക്കാരുടെയും, പഞ്ചായത്ത് പ്രസിഡണ്ട് പി.വി ഉസ്മാൻ, വൈസ് പ്രസിഡണ്ട് ഷഹർബാൻ ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ, ആശാവർക്കർമാർ ഉൾപ്പെടെയുള്ളവരും കാവനൂർ അങ്ങാടിയിലൂടെ വിളംബര ജാഥ കൂട്ടയോട്ടം സംഘടിപ്പിച്ചു.
ജീവിത ശൈലി രോഗ നിർണ്ണയവും വനിതകൾക്കായി പ്രത്യേക പരിശോധന ക്യാമ്പും സെമിനാറും ഉൾപ്പെടെ വ്യത്യസ്തമായ പരിപാടികളാണ് ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. സമ്പൂർണ്ണ ആരോഗ്യ പദ്ധതി ‘ആരോഗ്യ സമൃദ്ധി-2023’ നാളെ ബുധൻ ഉച്ചയ്ക്ക് 02 മണി മുതൽ വൈകുന്നേരം വരെ കാവനൂർ 12 ൽ മഠത്തിൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പും സ്ത്രീകൾക്കുള്ള രക്ത പരിശോധന ക്യാമ്പും സെമിനാറും ആരോഗ്യ സംബന്ധമായ വിവിധ എക്സിബിഷനും ഉൾപ്പെടെ നിരവധി പദ്ധതികളാണ് നാളെ നടക്കുന്നത്.
പരിപാടിയിൽ ഡെപ്യൂട്ടി ഡി എം ഓ നൂന മർജ്ജ അടക്കം ആരോഗ്യ വിദഗ്ദ്ധരും ജനപ്രതിനിധികളും മറ്റു പ്രമുഖരും പങ്കെടുക്കും. ആരോഗ്യ പരിപാലനത്തിൽ വനിതകൾക്ക് പ്രത്യേക പഠന ക്ലാസും ഇതോടൊപ്പം നടക്കും.
Comments are closed.