ലോകകപ്പ് ഓര്‍മക്കായി അല്‍ രിഹ്‌ല ഫുട്ബാള്‍ വെറ്റിപ്പാറ ഗവണ്‍മെന്റ് സ്‌കൂളിന് സമ്മാനിച്ചു

വെറ്റിലപ്പാറ: ഖത്തര്‍ വേള്‍ഡ് കപ്പിന്റെ ഓര്‍മക്കായി വെറ്റിലപ്പാറ ഗവണ്‍മെന്റ് സ്‌കൂളിന് അല്‍ രിഹ്‌ല ഫുട്ബാൾ സമ്മാനിച്ചു. ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിച്ച ജനറേഷന്‍ അമേസിംഗിന്റെ വര്‍കേഴ്‌സ് അഡ്വക്കേറ്റ് സി.പി സാദിഖ് റഹ്‌മാന്‍, സ്‌കൂള്‍ പ്രധാനാധ്യാപിക ലൗലി ടീച്ചര്‍ക്ക് ഫുട്ബാള്‍ സമ്മാനിച്ചു. ലോകകപ്പിനായി ഉപയോഗിച്ച അല്‍ രിഹ്‌ല പന്ത് കണ്‍മുന്നില്‍ കണ്ടപ്പോള്‍ കുട്ടികള്‍ക്ക് കൗതുകവും ആവേശവുമായി. വിദ്യാര്‍ഥികളെല്ലാവരും പന്ത് ഒന്നുതൊട്ടു നോക്കിയാണ് ആവേശം പ്രകടിപ്പിച്ചത്.

ജനറേഷന്‍ അമേസിംഗിന്റെ ഭാഗമായി വെറ്റിലപ്പാറ സ്‌കൂള്‍ ജനകീയമായി നടപ്പിലാക്കിയ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് സാദിഖ് റഹ്‌മാന്‍ പറഞ്ഞു. സഹപാഠിക്കൊരു വീട് പദ്ധതിയിലൂടെ ആറ് വിദ്യാര്‍ഥികളുടെ കുടുംബത്തിന് വീടൊരുക്കാന്‍ സാധിച്ചത് ലോകത്തിന് മാതൃകയാണെന്നും അതിന് നേതൃത്വം നല്‍കിയ അധ്യാപക, വിദ്യാര്‍ഥി-രക്ഷാകര്‍തൃ കൂട്ടായ്മയെയും അദ്ദേഹം അഭിനന്ദിച്ചു. പ്രധാനാധ്യാപിക ലൗലി ജോണ്‍, തണല്‍ ജി.എ കോഡിനേറ്റര്‍ സാലിം ജീറോഡ്, റോജന്‍ പി.ജെ, മജീദ് വെറ്റിലപ്പാറ, ഉസ്മാന്‍ പാറക്കല്‍, അലി അക്ബര്‍, അബ്ദുൽ മുനീർ എന്നിവര്‍ സംസാരിച്ചു.

Comments are closed.