അരീക്കോട് പുതിയ ട്രാഫിക് പരിഷ്കരണം വന്നത് അറിഞ്ഞില്ല ; ഫൈൻ അടച്ചും പോലീസ് സ്റ്റേഷൻ കയറിയിറങ്ങിയും നാട്ടുകാർക്ക് മടുത്തു
അരീക്കോട്: അരീക്കോട് അങ്ങാടിയിൽ പുതിയ ട്രാഫിക് പരിഷ്കരണം വന്നത് അറിയാതെ നാട്ടുകാരും സമീപ പ്രദേശങ്ങളിലെ യാത്രക്കാരും പോലീസ് കെണിയിലാകുന്നത് പതിവായി. കഴിഞ്ഞമാസം ഒന്നാം തീയതി മുതൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ നിലവിൽ വരുന്നതായി പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി അറിയിച്ചിരുന്നു. എന്നാൽ തൊട്ടടുത്തുള്ള ദിവസങ്ങളിൽ ഒന്നും പോലീസ് ഉൾപ്പെടെയുള്ള അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടായിരുന്നില്ല. തുടർന്ന് ഫെബ്രുവരി അവസാന പാതിയോടെ ട്രാഫിക് പരിഷ്കാരങ്ങൾ കർശനമായി നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.
വാഹനം പാർക്ക് ചെയ്യൽ നിരോധിച്ച സ്ഥലങ്ങളിൽ നിയമം ലംഘിച്ച് പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങൾ വലിയ ചങ്ങല ഉപയോഗിച്ച് ലോക്ക് ചെയ്തും മറ്റു വാഹനങ്ങളുടെ നമ്പർ രേഖപ്പെടുത്തിയും നടപടി തുടങ്ങിയിട്ടുണ്ട്. അരീക്കോട് അങ്ങാടിയിൽ കാലങ്ങളായി നിലനിൽക്കുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനു വേണ്ടിയാണ് പുതിയ ഗതാഗത പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്. അത് പ്രകാരം താലൂക്ക് ആശുപത്രി, പോലീസ് സ്റ്റേഷൻ, വിവിധ സർക്കാർ ഓഫീസ് ഉൾകൊള്ളുന്ന ക്യാമ്പ് റോഡിൽ യാതൊരുവിധ പാർക്കിംഗും അനുവദിക്കുകയില്ല.
കൂടാതെ അരീക്കോട് മെയിൻ ജംഗ്ഷൻ ഹൈമാസ്റ്റ് ലൈറ്റിന് സമീപമായി നിശ്ചിത എണ്ണം ഓട്ടോ പാർക്ക് ചെയ്യാം. ശേഷിക്കുന്ന ഓട്ടോ താഴത്തങ്ങാടി റോഡിൽ പാർക്ക് ചെയ്യണം. ബസ് സ്റ്റാൻ്റിൽ നിന്നും പോസ്സ് ഓഫീസ് ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്തുള്ള ഓട്ടോകൾ മേലെ സ്റ്റാൻ്റിൻ്റെ ഒരുഭാഗത്ത് പാർക്ക് ചെയ്യണം. ബസുകൾ മമത ജംഗ്ഷനിൽ നിന്നും അകലം പാലിച്ച് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും വേണം. ജംഗ്ഷനിൽ മറ്റു വാഹനങ്ങൾക്ക് സ്ഥിരമായി പാർക്കിംഗ് അനുവദിക്കുകയില്ല. സ്ഥാപനത്തിന്റെ ബോർഡുകൾ സ്ഥാപിക്കാനോ നടപ്പാതയിൽ കാൽനടക്കാർക്ക് തടസ്സമാകും വിധം കച്ചവട സാധനം ഇറക്കിവെക്കാനോ പാടുള്ളതല്ല.
ബസ് സ്റ്റാൻഡിന് താഴെഭാഗത്ത് കൂടെ കടന്നുപോകുന്ന സംസ്ഥാനപാതയുട ഇരുവശങ്ങളിലും വാഹനം പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ ഏതെങ്കിലും ഭാഗത്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതോ, അപകടം ഉണ്ടാക്കുന്നതോ ആയ രീതിയിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ പാർക്ക് ചെയ്തവർക്കും ഫൈൻ ഉൾപ്പെടെയുള്ള കടുത്ത നടപടിയിലൂടെയാണ് അരീക്കോട് പോലീസ് മുന്നോട്ടുപോകുന്നത്.
അതേസമയം പുതിയ ഗതാഗത പരിഷ്കരണം അശാസ്ത്രീയമാണെന്നും വേണ്ട മുൻകരുതലുകൾ സ്വീകരിക്കാതെയാണ് നടപ്പാക്കിയതെന്നും ആക്ഷേപമുണ്ട്. പാർക്കിംഗ് നിരോധിച്ച മേഖലകളെ കൃത്യമായി ‘നോ- പാർക്കിംഗ്’ ബോർഡുകളിലൂടെ അടയാളപ്പെടുത്തുന്നതിനു പകരം പെടുന്നനെ നിയമം നടപ്പാക്കി സാധാരണക്കാരെ കെണിയിൽ കുടുക്കുകയാണ് എന്നും വിമർശനമുണ്ട്. മേലെ സ്റ്റാൻഡിൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാൻ പറഞ്ഞതിൽ തൊഴിലാളികൾ പ്രതിഷേധം അറിയിച്ചു. സുര്യാഘാതത്തിന് വരെ കാരണമാകുന്ന കടുത്ത ചൂടുള്ള സമയത്ത് പൊരി വെയിലത്ത് ഓട്ടോറിക്ഷകൾ നിർത്തിയിടാൻ തീരുമാനമെടുത്ത പഞ്ചായത്ത് ഭരണസമിതി കൂടുതൽ തൊഴിലാളി സൗഹൃദമായ നടപടിയിലേക്ക് നീങ്ങണമെന്നാണ് ഓട്ടോ തൊഴിലാളികളുടെ ആവശ്യം.
Comments are closed.