വീടുവിട്ടിറങ്ങി; വീണ്ടും അധ്യാപിക രക്ഷകയായി

അരീക്കോട് : വീടുവിട്ടിറങ്ങിയ പെൺകുട്ടികൾക്ക് അധ്യാപിക രക്ഷകയായി. പെൺകുട്ടികളെ പൊലീസ് വീട്ടിലെത്തിച്ചു. രണ്ടാംതവണയും വീടുവിട്ടിറങ്ങിയ പെൺകുട്ടി ഇത്തവണ അനുജത്തിയെയും കൂടെക്കൂട്ടുകയായിരുന്നു. രണ്ടു പ്രാവശ്യവും അധ്യാപികയാണ് രക്ഷകയായത്. ഈമാസം 4ന് മൊറയൂർ കാവുങ്ങപ്പാറയിലെ വീടുവിട്ടിറങ്ങിയ കുട്ടിയെ കോഴിക്കോട് നല്ലളത്തുവച്ചു ബസ്സിൽനിന്നാണ് കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെ അനുജത്തിയുമായി വീടുവിട്ടിറങ്ങുകയായിരുന്നു. കഴിഞ്ഞതവണ കുട്ടിയെ കണ്ടെത്താൻ സഹായിച്ച കൊണ്ടോട്ടി ജിവിഎച്ച്എസ്എസ് അധ്യാപിക രജനിയുടെ ഫോണിലേക്കു വിളിച്ചതാണ് ഇന്നലെ ഇരുവരെയും സുരക്ഷിതരായി വീട്ടിലെത്തിക്കാൻ സഹായിച്ചത്. ഉമ്മയുടെ മൊബൈൽ ഫോണും 160 രൂപയും കൈക്കലാക്കിയ കുട്ടികൾ വീട്ടിൽനിന്നിറങ്ങി നടക്കുകയായിരുന്നു. അരീക്കോട് പൊലീസ് സ്റ്റേഷനിലേക്കു പോവുകയാണെന്ന് അധ്യാപികയോടു പറഞ്ഞു.

കൊണ്ടോട്ടി ജിവിഎച്ച്എസ്എസിലെ അധ്യാപകർ കുട്ടികളോടു ഫോണിൽ നിരന്തരം സംസാരിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഒരു വീട്ടിലെത്തി ഫോൺ നൽകി. അധ്യാപിക വീട്ടുകാരുമായി സംസാരിച്ചു കുട്ടികളെ സുരക്ഷിതരാക്കി പൊലീസിൽ അറിയിക്കുകയായിരുന്നു. ഇൻസ്‌പെക്ടർ എം.അബ്ബാസലിയുടെ നേതൃത്വത്തിൽ വനിതാ പൊലീസ് സ്ഥലത്തെത്തി. കുട്ടികളെ വീട്ടിലെത്തിച്ചു. മുൻപു വീടുവിട്ടിറങ്ങിയ ഏഴു വയസ്സുകാരിയെ വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ പാർപ്പിച്ച ശേഷം മാതാപിതാക്കളെ ഏൽപിക്കുകയായിരുന്നു. കുടുംബത്തിനു കൗൺസലിങ് നിർദേശിച്ചാണു മടങ്ങിയതെന്ന് ഇൻസ്‌പെക്ടർ എം.അബ്ബാസലി പറഞ്ഞു.

(ചിത്രം പ്രതീകാത്മകം)

Comments are closed.